ഇത് രാഹുല്‍ ഗാന്ധിയുടെ വിജയം; മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സച്ചിന്‍ പൈലറ്റ്
Election Results 2018
ഇത് രാഹുല്‍ ഗാന്ധിയുടെ വിജയം; മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 11:39 am

ജയ്പൂര്‍: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പിന്തുണച്ച് കഴിഞ്ഞെന്നും ഈ വിജയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അവകാശപ്പെട്ടതാണെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഇത് അദ്ദേഹത്തിന്റെ വിജയമാണ്. ഈ വിജയം ഞങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കും.- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഞങ്ങള്‍ അവസാന നമ്പറിനായി കാത്തിരിക്കുകയാണ്. ആര് എന്ത് പദവി വഹിക്കണമെന്നൊക്കെ കോണ്‍ഗ്രസിന്റെ നേതാക്കളും അധ്യക്ഷനും തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ 74 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.