'സംശയം തോന്നിയാല്‍ വെടിവെക്കാന്‍ ഇത് കശ്മീരല്ല; ഈ കൊലയ്ക്ക് യോഗി മറുപടി പറയും വരെ മൃതദേഹം നീക്കില്ലെന്ന് കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ സഹോദരന്‍
national news
'സംശയം തോന്നിയാല്‍ വെടിവെക്കാന്‍ ഇത് കശ്മീരല്ല; ഈ കൊലയ്ക്ക് യോഗി മറുപടി പറയും വരെ മൃതദേഹം നീക്കില്ലെന്ന് കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th September 2018, 3:11 pm

ലഖ്‌നൗ: ആപ്പില്‍ എക്‌സിക്യുട്ടീവ് വിവേക് തിവാരിയെ യു.പി പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി പറയണമെന്ന് വിവേകിന്റെ ഭാര്യാ സഹോദരന്‍ വിഷ്ണു.

യോഗി ആദിത്യനാഥ് തങ്ങളുടെ വീട്ടില്‍ വരുന്നതുവരെ വിവേകിന്റെ മൃതദേഹം നീക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“വെറും സംശയത്തിന്റെ പേരില്‍ ഒരാളെ കൊല്ലാന്‍ ഇതെന്താ ജമ്മു കശ്മീരോ. ഇത് ഉത്തര്‍പ്രദേശാണ് ജമ്മു കശ്മീരല്ല. യോഗിജി ഇവിടെ വന്ന് മറുപടി പറയണം. അദ്ദേഹം വീട്ടിലേക്ക് വരുന്നതുവരെ മൃതദേഹം ഇവിടെ നിന്ന് നീക്കില്ല.” എന്നും അദ്ദേഹം പറഞ്ഞു.

Also Read:“ഞങ്ങള്‍ ബി.ജെ.പിയെ വിശ്വസിച്ചു, യോഗി മുഖ്യമന്ത്രിയായപ്പോള്‍ സന്തോഷിച്ചു, പക്ഷേ ഇതാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്”: കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ ഭാര്യ പറയുന്നു

“കാര്യങ്ങള്‍ ലളിതമാണ്. ഞങ്ങള്‍ യോഗിജിയെ തെരഞ്ഞെടുത്തു. രാജ്യത്തിന് ക്രമസമാധാനം പാലിക്കാന്‍ ഞങ്ങളാലാവുന്നത് ചെയ്തു. എന്റെ സഹോദരീ ഭര്‍ത്താവ് കൊല്ലപ്പെട്ടിരിക്കുകയാണ്. സഹോദരിയുടെ ജീവിതം ഇരുട്ടിലായിരിക്കുകയാണ്. അവര്‍ എന്റെ സഹോദരീ ഭര്‍ത്താവിനെതിരെ അവര്‍ ആരോപണമുന്നയിക്കുകയാണ്. ആ ആരോപണം (സഹപ്രവര്‍ത്തകയുമായി “തെറ്റായ രീതിയില്‍” ആയിരുന്നെന്ന പൊലീസ് ആരോപണം) ശരിയാണെങ്കില്‍ അതിന്റെ പേരില്‍ ഒരു പൗരനെ കൊല്ലാന്‍ ആരാണ് അധികാരം തന്നത്?” എന്നും അദ്ദേഹം ചോദിക്കുന്നു.

വെള്ളിയാഴ്ച രാത്രിയാണ് വിവേക് തിവാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് ന്യായവാം.

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്‌ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

Also Read:ശബരിമല വിഷയം; തിങ്കളാഴ്ച കേരളത്തില്‍ ശിവസേന ഹര്‍ത്താല്‍

ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്. സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് ചൗധരി പറയുന്നത്. ” ബുള്ളറ്റ് ഏറ്റതിനുശേഷം അയാള്‍ രക്ഷപ്പെട്ടു. അയാള്‍ക്ക് വെടിയേറ്റതാണോയെന്ന കാര്യം എനിക്കുറപ്പുണ്ടായിരുന്നില്ല.” എന്നും ചൗധരി പറഞ്ഞു.