ബാര്‍ കോഴ മാണിയ്ക്ക് ഹൃദയവേദനയുണ്ടാക്കി; കേരളാ കോണ്‍ഗ്രസിന്റേത് സമ്മര്‍ദ്ദ രാഷ്ട്രീയമല്ല: തിരുവഞ്ചൂര്‍
Daily News
ബാര്‍ കോഴ മാണിയ്ക്ക് ഹൃദയവേദനയുണ്ടാക്കി; കേരളാ കോണ്‍ഗ്രസിന്റേത് സമ്മര്‍ദ്ദ രാഷ്ട്രീയമല്ല: തിരുവഞ്ചൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2016, 8:54 am

thiruvanchoorകോട്ടയം: യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാര്‍ കോഴ ആരോപണങ്ങള്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് വലിയ മാനസിക ക്ഷതം ഉണ്ടാക്കിയെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.

മാണിക്ക് ആരോപണങ്ങള്‍ വലിയ ഹൃദയവേദനയുണ്ടാക്കിയതുകൊണ്ടുതന്നെ മുന്നണി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണം. കേരളാ കോണ്‍ഗ്രസുമായി തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടാണ് തിരുവഞ്ചൂര്‍ ഇങ്ങനെ പറഞ്ഞത്.

കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രമാണെന്ന് തോന്നുന്നില്ല. അവരുടെ വേദനിയില്‍ നിന്നുയര്‍ന്ന അഭിപ്രായങ്ങളാണ് അത്. സമ്മര്‍ദ്ദ രാഷ്ട്രീയമായി അവരുടെ അഭിപ്രായങ്ങളെ വിലകുറച്ച് കാണരുതെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കുള്ള കാഴ്ചപ്പാടുകള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

മാണിയെ എങ്ങനെ അനുനയിപ്പിക്കും എന്ന് അറിയാതെ കോണ്‍ഗ്രസ് വലയുമ്പോഴാണ് തിരുവഞ്ചൂര്‍ മാണിക്ക് ശക്തമായ പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.

എല്‍.ഡി.എഫിലേയ്ക്കു പോകാതെ കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ തളച്ചിടാനാണു ബാര്‍ കേസ് ഉയര്‍ത്തിയത് എന്നായിരുന്നു മാണിയുടെ ആദ്യ ആരോപണം. എന്നാല്‍ താന്‍ ആഭ്യന്തരമന്ത്രിയായിരിക്കേ കേസില്‍ രണ്ടു തവണ മാണിക്കു ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു എന്ന കാര്യമാണ് മധ്യസ്ഥനായ രമേശ് ചെന്നിത്തല മാണിക്കു മുമ്പില്‍ വെയ്ക്കുന്നത്.