മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ പകരം വെക്കാനില്ലാത്ത കഥാപാത്രമാണ് സേതുരാമയ്യര്‍ സി.ബി.ഐ. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നവയാണ് സി.ബി.ഐ സീരീസിലെ ഓരോ സിനിമയും.
ഇപ്പോള്‍ സി.ബി.ഐ സീരീസിലെ ആദ്യ ചിത്രമായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് തമിഴ് സിനിമാ വിതരണ രംഗത്തെ പ്രമുഖനായ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍.
ടൂറിംഗ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിലെ ‘ ചായ് വിത്ത് ചിതിര’ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂര്‍ കെ.ജി തിയേറ്ററില്‍ സി.ബി.ഐ ഡയറിക്കുറിപ്പ് പ്രദര്‍ശനത്തിനെത്തിച്ചത് അല്‍പം പേടിയോടെയായിരുന്നു എന്നാണ് തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ പറയുന്നത്. അക്കാലത്ത് മലയാള സിനിമകള്‍ തമിഴ്‌നാട്ടില്‍ അത്രകണ്ട് വിജയിക്കാത്തതായിരുന്നു കാരണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തന്റെ പ്രതീക്ഷ മുഴുവന്‍ തെറ്റിച്ചാണ് തമിഴ്‌നാട്ടില്‍ ആ സിനിമ കൊണ്ടാടപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ ദിവസം മുതലുള്ള എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്ളായിരുന്നുവെന്നും കോയമ്പത്തൂര്‍ കെ.ജി തിയേറ്ററില്‍ നിന്ന് മാത്രം ചിത്രം 3 ലക്ഷം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് വാങ്ങിയ സിനിമ ഒറ്റ തിയേറ്ററില്‍ നിന്ന് മാത്രം തനിക്ക് 3 ലക്ഷമാണ് നേടിത്തന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞ സദസിന് മുന്നില്‍ സി.ബി.ഐ ഡയറിക്കുറിപ്പ് പ്രദര്‍ശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ മലയാള സിനിമകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായെന്നും അതിന് ശേഷമാണ് മലയാള സിനിമകളെ ധൈര്യപൂര്‍വം തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തിച്ചതെന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.