പി.സി ജോര്‍ജിന് വീണ്ടും തിരിച്ചടി; ബി.ജെ.പി ബന്ധത്തില്‍ പ്രതിഷേധിച്ച് തിടനാട് പഞ്ചായത്ത് പ്രസിഡന്റും അംഗവും യുഡിഎഫിനൊപ്പം
PC George
പി.സി ജോര്‍ജിന് വീണ്ടും തിരിച്ചടി; ബി.ജെ.പി ബന്ധത്തില്‍ പ്രതിഷേധിച്ച് തിടനാട് പഞ്ചായത്ത് പ്രസിഡന്റും അംഗവും യുഡിഎഫിനൊപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 12:41 pm

ജന്മനാടായ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കൈവിട്ടതിന് പിന്നാലെ പി.സി ജോര്‍ജിന് വീണ്ടും തിരിച്ചടി. ജനപക്ഷം ഭരിക്കുന്ന തിടനാട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടും അംഗവും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റായ ലീന ജോര്‍ജും ഏഴാം വാര്‍ഡ് അംഗം മേഴ്‌സി ജോസഫുമാണ് ജനപക്ഷം വിട്ട് യു.ഡി.എഫിനോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.മതനിരപേക്ഷ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് ഇരുവരും പറഞ്ഞു.

കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥികളായാണ് ഇരുവരും ജയിച്ചത്. സെക്കുലര്‍ പിന്നീട് ജനപക്ഷമായതോടെ ഇരുവരും ജനപക്ഷമായി. ജനപക്ഷം ബി.ജെ.പിയുടെ ഘടകകക്ഷിയായതോടെയാണ് ഇരുവരും പാര്‍ട്ടി വിടാനും യു.ഡി.എഫിനോടൊപ്പം നില്‍ക്കാനും തീരുമാനിച്ചത്.

കേരള കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും 2 പേരുടെ വീതവും ജനപക്ഷത്തിലെ 4 പേരുടെയും പിന്തുണയോടെയാണ് ലീന ജോര്‍ജ് പ്രസിഡന്റായത്.

പൂഞ്ഞാര്‍ തെക്കെകര പഞ്ചായത്തില്‍ ജനപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പൂഞ്ഞാര്‍, തിടനാട് പഞ്ചായത്തുകളിലും പ്രതിപക്ഷം അവിശ്വാസം കൊണ്ട് വരാന്‍ ശ്രമം ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ജനപക്ഷം വിട്ട് യു.ഡി.എഫിനോടൊപ്പം ചേര്‍ന്നത്.