ലഡാക്കില്‍ നിന്ന് ചൈനയെ തുരത്താന്‍ കഴിയാത്തവരാണ് ഞാന്‍ കാര്‍ഗിലില്‍ പ്രവേശിക്കുന്നത് വിലക്കുന്നത്: ഒമര്‍ അബ്ദുള്ള
national news
ലഡാക്കില്‍ നിന്ന് ചൈനയെ തുരത്താന്‍ കഴിയാത്തവരാണ് ഞാന്‍ കാര്‍ഗിലില്‍ പ്രവേശിക്കുന്നത് വിലക്കുന്നത്: ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st November 2022, 1:20 pm

ശ്രീനഗര്‍: കാര്‍ഗില്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ലഡാക്കിലെ അധികാരികള്‍ തന്നെ തടയാന്‍ ശ്രമിച്ചുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

‘അവര്‍ എന്നോട് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു. കിഴക്കന്‍ ലഡാക്കിലേക്ക് ചൈന പ്രവേശിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവരെ തടയാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അവരെ തിരിച്ചയക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ ശ്രീനഗറില്‍ നിന്ന് ഡ്രാസ് വഴി കാര്‍ഗിലിലേക്ക് പോകുക മാത്രമാണ് ചെയ്യുന്നത്. ടൗണ്‍ പിടിച്ചെടുക്കുകയല്ല.’ തിങ്കളാഴ്ച ഡ്രാസില്‍ നടന്ന സമ്മേളനത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു.

പൊതുജനങ്ങളെ അംഭിസംബോധന ചെയ്യാനോ ഡ്രാസിലെ ഡാക് ബംഗ്ലാവ് സൗകര്യം ഉപയോഗിക്കാനോ അനുമതി നല്‍കിയില്ലെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.

‘ആറ് വര്‍ഷം ഞാന്‍ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയിരുന്നു. അവരുടെ ചില തീരുമാനങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുന്നു. ഞാന്‍ ഡാക് ബംഗ്ലാവ് ഫ്രഷ് ആവാന്‍ മാത്രമേ ഉപയോഗിക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് സ്വന്തം തീരുമാനങ്ങളില്‍ വിശ്വാസമില്ലെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.

‘2019 ഓഗസ്റ്റില്‍ അവര്‍ നിങ്ങളെ (ലഡാക്കിനെ) ജമ്മു കശ്മീരില്‍ നിന്ന് വേര്‍പെടുത്തി. അത് നമ്മുടെ ആവശ്യമായിരുന്നെങ്കില്‍, നമ്മളെ ഇവിടെ പ്രവേശിക്കുന്നതില്‍ അവര്‍ എന്തിനാണ് ഭയപ്പെടുന്നത്?,’ ഒമര്‍ ചോദിച്ചു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം സാങ്കല്‍പ്പിക രേഖകള്‍ വരച്ച് വിച്ഛേദിക്കാനാവില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു.

‘ഞങ്ങളുടെ ബന്ധം വളരെ ശക്തമാണ്, ഈ വ്യാജ അതിര്‍ത്തികള്‍ക്ക് അതിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും, നിങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഞങ്ങള്‍ക്കറിയാം,’ ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Content Highlight: They Can’t Stop China In Ladakh, Won’t Let Me Into Kargil: Omar Abdullah