Entertainment news
പ്രതിഫലം ചോദിച്ചാല്‍ 'ഹൗ ഡെയര്‍ യൂ ആസ്‌ക് ഫോര്‍ മണി' എന്ന മനോഭാവമുള്ള പല മ്യൂസിക് ഡയറക്ടേഴ്‌സുമുണ്ടായിരുന്നു: ജ്യോത്സ്‌ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 10:01 am
Friday, 7th March 2025, 3:31 pm

മലയാളത്തിലെ പ്രശസ്തയായ പിന്നണി ഗായികയാണ് ജ്യോത്സ്‌ന രാധാകൃഷ്ണന്‍. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ എന്ന സിനിമയിലെ വളകിലുക്കമെന്ന ഗാനത്തിന് പിന്നണി പാടിക്കൊണ്ടാണ് ജ്യോത്സ്‌ന സിനിമാരംഗത്ത് എത്തിയത്. നമ്മള്‍ എന്ന സിനിമയിലെ ‘സുഖമാണീ നിലാവ്’ എന്ന ഗാനം ജ്യോത്സ്‌നയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് ജ്യോത്സ്‌ന പിന്നണി പാടിയിട്ടുണ്ട്. കറുപ്പിനഴക് (സ്വപ്‌നക്കൂട്), മെല്ലെയൊന്നു പാടി നിന്നെ (മനസിനക്കരെ), മെഹറുബാ (പെരുമഴക്കാലം) എന്നിവ ജ്യോത്സ്‌നയുടെ പ്രശസ്ത ഗാനങ്ങളാണ്.

താന്‍ സിനിമാമേഖലയില്‍ വന്ന സമയത്ത് മലയാളത്തിലെ മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അധികാരസ്വരം ആയിരുവെന്നും പാടുന്നവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോത്സ്‌ന. എന്നാല്‍ എല്ലാവരും അങ്ങനെയല്ലെന്നും തുടക്കക്കാര്‍ക്ക് പോലും പണം കൊടുക്കുന്നവരുണ്ടെന്നും പറയുന്നു.

ഇപ്പോള്‍ മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കുറച്ച് കൂടി പ്രൊഫഷണല്‍ ആണെന്നും എല്ലാവരും ഒരു ടീമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് ജ്യോത്സ്‌ന. ക്യൂ സ്റ്റുഡിയോയ്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോത്സ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ തുടങ്ങിയതില്‍ നിന്നും ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട് ഇപ്പോള്‍. യങ് കമ്പോസേഴ്‌സ് കുറച്ച് കൂടി പ്രൊഫഷണലാണ്. പാട്ടുകാരും കമ്പോസറും ടീമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ പണ്ട് അങ്ങനെയല്ല. ഞാനൊക്കെ പാടുന്ന സമയത്ത് ഹൈറാര്‍ക്കിയാണ്. മ്യൂസിക് ഡയറക്ടേഴ്‌സ് പാട്ടുകാര്‍ക്ക് പാട്ട് പാടാനുള്ള അവസരം തരുന്നു, അതുകൊണ്ട് പണം ചോദിച്ചാല്‍ ‘ഹൗ ഡെയര്‍ യൂ ആസ്‌ക് ഫോര്‍ മണി’ എന്ന മനോഭാവമുള്ള പല മ്യൂസിക് ഡയറക്ടേഴ്‌സും അന്നുണ്ടായിട്ടുണ്ട്.

എന്നാല്‍ വളരെ മാന്യമായി പണം തരുന്ന മ്യൂസിക് ഡയറക്ടേഴ്‌സും ഉണ്ടായിരുന്നു. മോഹന്‍ അങ്കിളൊക്കെ (മോഹന്‍ സിതാര) എന്നെ കൊണ്ടുവന്നയാളാണ്. കോറസ് വര്‍ക്കിന് പോയാല്‍ പോലും ഇതിരിക്കട്ടെ എന്നുപറഞ്ഞ് പണം തരുമായിരുന്നു.

എന്നാലും ഭൂരിഭാഗം ആള്‍ക്കാരും പണം തരാത്തവരായിരുന്നു. നമ്മള്‍ പെയ്മന്റ് കുറച്ച് ലേറ്റ് ആയല്ലോ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഈഗോ വരുന്നവരായിരുന്നു അധികവും. എന്നാല്‍ ഇപ്പോള്‍ പുതിയ മ്യൂസിഷ്യന്‍സ് കുറച്ച് കൂടി പ്രൊഫഷണലാണ്. അവര്‍ നമ്മളോട് റെമ്യൂണറേഷന്‍ ചോദിക്കും. അത് നമുക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. എന്ത് ജോലിയാണെങ്കിലും അതിന്റെ പെയ്മന്റ് ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്,’ ജ്യോത്സ്‌ന പറയുന്നു.

content highlights: There were many music directors who had a ‘how dare you ask for money’ attitude when asked for remuneration: Jyotsna