Kerala News
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വ്യാപക മഴക്ക് സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 05, 06:15 pm
Tuesday, 5th July 2022, 11:45 pm

തിരുവനന്തപുരം: മണ്‍സൂണ്‍ പാത്തി തെക്കോട്ടുമാറി സജീവമായതിന്റെയും മധ്യപ്രദേശ് സംസ്ഥാനത്തിന് മുകളില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിന്റെയും ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയുടെ സാഹചര്യത്തില്‍ ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ ഒമ്പതുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ മേഖലയില്‍ ജൂലൈ ഒമ്പതുവരെ മത്സ്യബന്ധനം നിരോധിച്ചു.

അറബികടലില്‍ പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടുമാറി സജീവമായതും പടിഞ്ഞാറന്‍ മധ്യപ്രദേശിനും കിഴക്കന്‍ രാജസ്ഥാനും മുകളിലായി ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതും ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതും കാരണമാണ് അറബികടലില്‍ പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നത്.