പുകവലി നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ്; പുകയില വിരുദ്ധ ദിനത്തില്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍
Kerala News
പുകവലി നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ്; പുകയില വിരുദ്ധ ദിനത്തില്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2021, 4:49 pm

തിരുവനന്തപുരം: പുകയില ഉപയോഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്ജമാക്കിയ ക്വിറ്റ് ലൈന്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 എന്നീ നമ്പറുകള്‍ വഴി ഈ ക്വിറ്റ് ലൈനെ സമീപിക്കാന്‍ കഴിയും. ഇതിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും.

ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും നല്‍കുന്നതായിരിക്കും. ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴിയും പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ആരംഭിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പുകയിലയുടെ ഉപയോഗത്തില്‍ നിന്നും മോചിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം എന്ന് മുഖ്യമന്ത്രി അഭ്യത്ഥച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക പുകയില വിരുദ്ധ ദിനത്തിന് എക്കാലത്തേക്കാളും പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുകവലിക്കുന്നവരില്‍ കൊവിഡ് രോഗബാധ കൂടുതല്‍ തീവ്രമാകുന്നു എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

മാരകമായ പാര്‍ശ്വഫലങ്ങള്‍ ഒരുപാടുള്ള, ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്ന പുകയില ഉപഭോഗം വര്‍ജിക്കാന്‍ സമൂഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടകരമായ ഈ ദുശ്ശീലത്തെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ നാടിന്റെ ആരോഗ്യം ഉറപ്പുവരുത്തുമെന്ന് ഈ ദിനത്തില്‍ നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

CONTENT HIGHLIGHTS :The state government has set up a facility through tele-consultation to help those who want to quit tobacco use