Indian Cinema
ഭോപ്പാല്‍ ദുരന്തം പ്രമേയമാക്കി 'റെയില്‍വേ മാന്‍'; മാധവനെ നായകനാക്കി യാഷ് രാജ് ഫിലിംസിന്റെ ആദ്യ ഒ.ടി.ടി സീരീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 02, 10:16 am
Thursday, 2nd December 2021, 3:46 pm

ഭോപ്പാല്‍ ദുരന്തത്തിന്റെ 37ാം വാര്‍ഷികത്തില്‍ ഭോപ്പാല്‍ ദുരന്തം പ്രമേയമാക്കി യാഷ് രാജ് ഫിലിംസിന്റെ ആദ്യ ഒ.ടി.ടി സീരീസ് പ്രഖ്യാപിച്ചു. റെയില്‍വേ മാന്‍ എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ മാധവനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധവന് പുറമേ, കെ.കെ മേനോന്‍, ദിവ്യേന്ദു, ബാബില്‍ ഖാന്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഭോപ്പാല്‍ വാതകദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഭോപ്പാല്‍ സ്റ്റേഷനിലെ റെയില്‍വേ തൊഴിലാളികള്‍ക്കുള്ള ആദരവ് കൂടിയാണ് സീരീസ്. നവാഗതനായ ശിവ് റവെയ്ലാണ് ദി റെയില്‍വേ മാന്‍ സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിച്ചിരുന്നു. 2022 ഡിസംബര്‍ 2 നാണ് സീരിസിന്റെ റിലീസ്.

ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തം 1984 ഡിസംബര്‍ 2 നാണ് സംഭവിച്ചത്.
അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണ ശാലയിലെ മീഥെയ്ന്‍ ഐസോസൈനയ്ഡ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ നിന്നും രാത്രി 10.30 ഓടെ വിഷവാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
ആയിരക്കണക്കിനാളുകളാണ് വിഷവാതകം ശ്വസിച്ച് മരണമടഞ്ഞത്.

മൂന്നര പതിറ്റാണ്ടിനിപ്പുറവും ദുരന്തത്തിന്റെ ആഘാതം മൂലം നിരവധി പേര്‍ വൈകല്യങ്ങളും ബാധിച്ചും അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായും ദുരിതമനുഭവിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: the-railway-men-yrfs-first-ott-series-based-on-bhopal-gas-tragedy-stars-r-madhavan-babil-khan