ന്യൂദല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ താഴെ തട്ടിലുള്ള 13 കോടി കുടുംബങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചുവെന്നും സോണിയാ പറഞ്ഞു.
ഇന്ന് മൂന്നു മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേരാന്‍ 18 പ്രതിപക്ഷ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതിലും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ അപര്യാപതതയുമാണ് പ്രധാനമായും യോഗത്തിന്റെ ചര്‍ച്ചാ വിഷയം.
ഏപ്രിലിലായിരുന്നു യോഗം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്‍.സി.പി നേതാവ് ശരദ് പവാര്‍ അടക്കം ചില നേതാക്കള്‍ ഇത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ക്കെതിരെ ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വേണമെന്നതിനാലാണ് യോഗം പെട്ടെന്ന് സംഘടിപ്പിക്കാന്‍ തീരുമാനമായത്.
പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് മൂന്ന് പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക