തിരുവനന്തപുരം: കെ.എം മാണിയോടും, പൊതുസമൂഹത്തോടും ഇനിയെങ്കിലും സി.പി.ഐ.എം മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍കോഴക്കേസ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അപ്രസക്തമാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസ്താനയ്ക്ക് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം കഴിയാവുന്നിടത്തെല്ലാം പയറ്റി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണ് സി.പി.ഐ.എം എന്നും ചെന്നിത്തല പറഞ്ഞു.
കേരളം സ്‌നേഹിച്ച കെ.എം മാണിയെ നാട് മുഴുവന്‍ നടന്നു തേജോവധം ചെയ്യുമ്പോഴും അദ്ദേഹം നിരപരാധിയാണെന്ന കാര്യം തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ എ വിജയരാഘവന്‍ വെളിപ്പെടുത്തിയത്. ഈ സത്യം അറിഞ്ഞുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം അക്രമങ്ങളും സമരങ്ങളും അഴിച്ചു വിട്ടത് എന്തിനായിരുന്നു എന്ന് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ ബോധിപ്പിക്കാനുള്ള ബാധ്യത എല്‍.ഡി.എഫിന് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ജോസ് കെ.മാണിയുടേത് ബഹുജനാടിത്തറയുള്ള പാര്‍ട്ടിയാണെന്നും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞിരുന്നു.
ബാര്‍ കോഴക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. യു.ഡി.എഫിനകത്തുള്ള ആളുകള്‍ ഇത്തരമൊരു ആക്ഷേപം ഉയര്‍ത്തിക്കൊണ്ടുവന്നു. സ്വാഭാവികമായും ആ ആക്ഷേപം സംബന്ധിച്ച് എല്‍.ഡി.എഫ് ചര്‍ച്ച നടത്തുക എന്നതും വിമര്‍ശനമുയര്‍ത്തുക എന്നുള്ളതും അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പ്രസക്തമായ കാര്യമാണ്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ വളരെ അപ്രസക്തമായ കാര്യമാണ് എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
നോട്ടെണ്ണുന്ന യന്ത്രം യു.ഡി.എഫിലുള്ളതാണ്. അതൊക്കെ യു.ഡി.എഫില്‍ ഉള്ളവര്‍ വീതിച്ചിട്ടുണ്ടാകും. അങ്ങനെ ഒരു യന്ത്രമുണ്ടെങ്കില്‍ അതൊന്നും ജോസ് കെ. മാണിക്കൊപ്പമില്ല. ജോസ് കെ. മാണി നോട്ടെണ്ണുന്ന യന്ത്രവും കൊണ്ടല്ല എല്‍.ഡി.എഫിലേക്ക് വരുന്നത് എന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.
നേരത്തെ കൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ കോഴക്കേസില്‍ കെ.എം മാണി കുറ്റക്കാരനല്ലെന്ന് എല്‍.ഡി.എഫിനറിയാമായിരുന്നെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടായിരുന്നു എന്നത് രാഷ്ട്രീയ ആരോപണം മാത്രമായിരുന്നെന്നും അഭിമുഖത്തിലുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഇത്തരത്തില്‍ താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പറഞ്ഞ് വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക