അനസ്തെറ്റിക് ഇല്ല; കൈകള്‍ മുറിച്ചുമാറ്റപ്പെട്ട ഫലസ്തീനിയന്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
World News
അനസ്തെറ്റിക് ഇല്ല; കൈകള്‍ മുറിച്ചുമാറ്റപ്പെട്ട ഫലസ്തീനിയന്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2023, 9:52 pm

ഗസ: ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കിരയായ ഫലസ്തീനിയന്‍ കുട്ടികളുടെ കൈകള്‍ മുറിച്ചുമാറ്റപ്പെടുന്നതിന്റെ കണക്കുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അംഗവൈകല്യം സംഭവിച്ച കുട്ടികളില്‍ പലരും അനസ്തെറ്റിക് ഇല്ലാതെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായതെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഫലസ്തീനിലെ 1000ലധികം കുട്ടികളുടെ ഒന്നോ രണ്ടോ കൈകള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയതായി യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് വ്യക്തമാക്കി. ഗസയിലെ കുഞ്ഞുങ്ങള്‍ 10 ആഴ്ചകളോളമായി നരകയാതന അനുഭവിക്കുകയാണെന്നും അവരില്‍ ഒരാള്‍ക്ക് പോലും രക്ഷപ്പെടാനാവില്ലെന്നും യുണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു.

ഗസയില്‍ പ്രവര്‍ത്തനക്ഷമമായ ഏതാനും ആശുപത്രികളില്‍ അംഗവൈകല്യമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും നിറഞ്ഞിരിക്കുകയാണെന്ന് എല്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ അവസ്ഥ വളരെ ദയനീയമാണെന്നും ഈ അവസ്ഥയിലൂടെ കടന്നുപോവാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു കുട്ടിയുടെ മാതാവ് തന്നോട് പറഞ്ഞതായി എല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലിന്റെ ഉപരോധത്തില്‍ നഗരത്തിലെ ആശുപത്രികള്‍ അനസ്‌തെറ്റിക്, വൈദ്യുതി, വെള്ളം എന്നീ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വേദനസംഹാരികളില്ലാതെ കുട്ടികളുടെ ശസ്ത്രക്രിയകള്‍ നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുന്നുവെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതിനുപുറമെ ഗസയിലെ 21 ശതമാനം കുടുംബങ്ങളില്‍ ശാരീരികമായോ മാനസികമായോ വൈകല്യമുള്ള ഒരാളെങ്കിലും ഉണ്ടാവുന്നതായും യുണിസെഫ് വെളിപ്പെടുത്തല്‍ നടത്തി.

‘നമ്മുടെ ആധുനിക ലോകത്ത് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല,’ ഫലസ്തീനിയന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ട് സ്ഥാപകന്‍ സ്റ്റീവ് സോസെബി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ദിവസത്തില്‍ തന്റെ മുന്‍പിലെത്തുന്ന 10 മുതല്‍ 12 വരെയുള്ള കേസുകളില്‍ പകുതിയോളം കുട്ടികളുടെ ശസ്ത്രക്രിയകളാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഗസ്സന്‍ അബു സിത്ത ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ സ്ഥിരീകരിച്ച ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഫലസ്തീനികളുടെ മരണസംഖ്യ 21,110 ആയി ഉയര്‍ന്നതായും അതില്‍ 70 ശതമാനം സ്ത്രീകളും കുട്ടികളുമെന്നാണ് വ്യക്തമാകുന്നത്. ഇസ്രഈല്‍ ആക്രമണത്തില്‍ 54,536 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: The number of Palestinian children whose hands have been amputated is on the rise