'ഈശോ' എന്ന പേര് പറ്റില്ല; നാദിര്‍ഷ ചിത്രത്തിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍
Malayalam Cinema
'ഈശോ' എന്ന പേര് പറ്റില്ല; നാദിര്‍ഷ ചിത്രത്തിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th August 2021, 9:37 pm

കൊച്ചി: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന് ‘ഈശോ’ എന്ന പേര് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഫിലിം ചേംബര്‍. ചിത്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അനുമതി നിഷേധിച്ചത്.

സിനിമയുടെ നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളികൊണ്ടായിരുന്നു ഫിലിം ചേംബറിന്റെ മറുപടി. അതേസമയം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിന് ഫിലിം ചേംബറിന്റെ അനുമതി ആവശ്യമില്ല.

ചിത്രം ഇതേപേരില്‍ തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധിക്കും. നേരത്തെ ചിത്രത്തിനെതിരെയും സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരെയും വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു.

ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.

ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെയും ടൈറ്റിലിനെതിരെയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. എന്നാല്‍ നാദിര്‍ഷായെ പിന്തുണച്ച് സിനിമാരംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു. ഈശോ സിനിമക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഫ്കയും മാക്ടയും അറിയിച്ചിരുന്നു.

നേരത്തെ ഈശോ സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.. ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നാദിര്‍ഷയുടെ വിശദീകരണം.

അതേസമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

The name ‘Eesho’ is not possible; Film chamber denies permission for Nadirsha film