ശ്രീ എമ്മിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കണം; സെക്രട്ടേറിയറ്റ് ധര്‍ണയുമായി പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്
Kerala News
ശ്രീ എമ്മിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കണം; സെക്രട്ടേറിയറ്റ് ധര്‍ണയുമായി പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th March 2021, 8:36 pm

തിരുവനന്തപുരം: ശ്രീ എമ്മിന് നല്‍കിയ നാല് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്ന് പ്രോഗസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്. കേരളത്തില്‍ ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ തെരുവില്‍ അലയുമ്പോളാണ്, വിവാദ ദല്ലാളിന് കോടികള്‍ വിലമതിക്കുന്ന നാല് ഏക്കര്‍ ഭൂമി നല്‍കിയതെന്ന് സെക്രട്ടറിയേറ്റില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പൊളിറ്റിക്കല്‍ ഫ്രണ്ട് രക്ഷാധികാരി പ്രൊഫ. ബി.രാജീവന്‍ പറഞ്ഞു.

ഈ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവോണപ്പുറത്തും മുത്തങ്ങയിലും ആറളത്തും അരിപ്പയിലുമടക്കം സംസ്ഥാനത്ത് നടന്ന ഒരു ഭൂസമരത്തെയും നാടു ഭരിച്ച് മുന്നണികള്‍ ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല.

2013ലെ രാജമാണിക്യം റിപോര്‍ട്ട് പ്രകാരം ഹാരിസണ്‍ കമ്പനിമാത്രം അറുപതിനായിരം ഏക്കര്‍ ഭൂമി കയ്യേറി നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ട്. മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, മലക്കപ്പാറ എന്നിവിടങ്ങളിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുള്ള ഭൂമിയും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബി. രാജീവന്‍ പറഞ്ഞു.

സര്‍ക്കാരിന് തിരിച്ച് പിടിക്കാന്‍ കഴിയുന്ന ആയിരക്കണക്കിന് ഏക്കര്‍ തിരിച്ച് പിടിക്കാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാലേക്കര്‍ ഭൂമി വിവാദ ഇടനിലക്കാരന് നല്‍കിയത് അനുചിതമായ നടപടിയാണ്. അതിനാല്‍ ശ്രീ എമ്മിന് നല്‍കിയ ഭൂമി എത്രയും പെട്ടന്ന് സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

ധര്‍ണയില്‍ പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് നേതാവ് സുശീലന്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് സോമരാജന്‍, അഡ്വ. എസ് രാമുദാസ്, കെ എം ഷാജഹാന്‍, എം കെ ദാസന്‍, വിടി ജോണ്‍, ബാപ്പുജി എന്നിവര്‍ സംസാരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: The land given to Shri M, should be reclaimed; Progressive Political Front with Secretariat Dharna