മാധ്യമങ്ങളോട് സംസാരിക്കവെ, പൊലീസ് വലയത്തില്‍; 'ജയ് ശ്രീറാം' വിളിച്ച് ആതിഖ് അഹമ്മദിനെയും സഹോദരനെയും വധിച്ചു
national news
മാധ്യമങ്ങളോട് സംസാരിക്കവെ, പൊലീസ് വലയത്തില്‍; 'ജയ് ശ്രീറാം' വിളിച്ച് ആതിഖ് അഹമ്മദിനെയും സഹോദരനെയും വധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 11:36 pm

ന്യൂദല്‍ഹി: യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും നടുറോട്ടില്‍ വെടിയേറ്റ് മരിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഇരുവരെയും യു.പിയിലെ പ്രയാഗ്‌രാജ് മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് അജ്ഞാത സംഘം വെടിയുതിര്‍ത്തത്.

രണ്ട് ദിവസം മുമ്പ് ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെ യു.പി പൊലീസിന്റെ ദൗത്യ സംഘം വധിച്ചിരുന്നു. ഇതിന് പന്നാലെയാണ് ദുരൂഹ സാഹചര്യത്തില്‍ ആതിഖും കൊല്ലപ്പെടുന്നത്.

മൂന്ന് പേരാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകന്റെ അന്ത്യകര്‍മങ്ങളിലെ ആതിഖ് അഹമ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീഴുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നട്ടുണ്ട്.  ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ക്കുന്നതും, കൊലപാകത്തിന് ശേഷം ഇവർ ജയ് ശ്രീറാം വിളിക്കുകയും ചെയ്യുന്നതും പുറത്തുവന്നത് വീഡിയോയിൽ കാണാം.  സണ്ണി, ലോവേഷ് തിവാരി, അരുണ്‍ മൗര്യ എന്നിങ്ങനെയാണ് അക്രമികളുടെ പേരെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗികമായി പ്രതികളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഫെബ്രുവരി 24ന് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ച കേസിലാണ് സമാജ്‌വാദി പാര്‍ട്ടി എം.പിയായിരുന്ന ആതിഖ് അഹമ്മദും മകനും അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നത്.