കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതി നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയിലാണ് സ്റ്റേ.
ശ്രീറാമിനെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാരുടെ മൊഴിയിലും വ്യക്തമാക്കിയിരുന്നു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. കേസിലെ പ്രതികളായ വഫ ഫിറോസിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും വിടുതല്‍ ഹരജികളിന്മേലായിരുന്നു തീരുമാനം.
മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് വഫയുടെ വാദം.
കേസില്‍ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ.എം. ബഷീറിനെ ഇടിച്ച വാഹനം.
തുടര്‍ന്ന് 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.