കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് പ്രതി ദിലീപ്. ഫോണില്‍ നിന്ന് താന്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വാട്‌സ്ആപ്പ് ചാറ്റുകളാണെന്നും അത് ഈ കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങള്‍ മാത്രമാണെന്നുമാണ് ദിലീപിന്റെ വാദം. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹരജിയിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തന്റേതെന്ന പേരില്‍ ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും ഒരു പെന്‍ഡ്രൈവ് മാത്രമാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയതെന്നും ഈ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഉപകരണങ്ങള്‍ ഹാജരാക്കിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
തനിക്കെതിരെ വീട്ടു ജോലിക്കാരനായിരുന്ന ദാസന്‍ പറയുന്ന കാര്യങ്ങളും വിശ്വാസയോഗ്യമല്ല. അത് പൊലീസ് പറഞ്ഞു പഠിപ്പിച്ചു വിട്ട മൊഴിയാണ്. ദാസന്‍ അഭിഭാഷകന്റെ ഓഫീസിലെത്തി എന്നു പറയുന്ന ദിവസങ്ങളില്‍ അഡ്വ. രാമന്‍പിള്ള കൊവിഡ് ബാധിതനായി കഴിയുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.
ഫോണുകള്‍ നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കില്‍, ഫോറന്‍സിക് ലാബില്‍ കൈമാറുകയല്ല പകരം നശിപ്പിക്കുകയായിരുന്നു ചെയ്യുകയെന്നും ദിലീപ് പറയുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും വിവരങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. ഈ തീരുമാനമെടുത്തത് തനിക്കെതിരെ വധഗൂഡാലോചനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വളരെ മുമ്പാണെന്നും ദിലീപ് പറയുന്നു.
അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ അതിജീവിത പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. അഭിഭാഷകരായ ബി. രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടിയുടെ പരാതി.
ബി. രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.