Kerala News
ഞാന്‍ നിക്കണോ പോകണമോ എന്നതില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 25, 07:20 am
Monday, 25th November 2024, 12:50 pm

കോഴിക്കോട്: മഹാരാഷ്ട്രയിലെ എന്‍.ഡി.എയുടെ വിജയം കേരളത്തിലെ ഒരു മാധ്യമങ്ങളും ചര്‍ച്ചക്കെടുത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യം മഹാരാഷ്ട്രയില്‍ തകര്‍ന്നടിഞ്ഞുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശം.

കേരളത്തില്‍ മതഭീകരത വലിയ രീതിയില്‍ വര്‍ധിച്ചുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിനായി യു.ഡി.എഫും എല്‍.ഡി.എഫും ഒരു പ്രത്യേക സമുദായത്തെ സ്വാധീനിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ സംസാരിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും എന്തുകൊണ്ടാണ് രമ്യ ഹരിദാസ് ചേലക്കരയില്‍ തോറ്റത്. രമ്യയുടെ തോല്‍വിയില്‍ വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും ഉത്തരവാദിത്തം ഇല്ലേയെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു. എന്നാല്‍ ഇവിടെ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് പാലക്കാടിനെ കുറിച്ചാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാടുണ്ടായ തോല്‍വിയില്‍ കൃത്യമായ വിശകലനം നടത്തുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ തെരഞ്ഞെടുപ്പിലും വിജയത്തിന്റെ അവകാശം സ്ഥാനാര്‍ത്ഥിക്കും തോല്‍വിയുടെ അവകാശം പാര്‍ട്ടി അധ്യക്ഷനുമാണല്ലോ, നിര്‍ഭാഗ്യവശാല്‍ ഈ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കാന്‍ താൻ ബാധ്യസ്ഥനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബി.ജെ.പി നേരിട്ട തോല്‍വി ആരും ചര്‍ച്ച ചെയ്തിട്ടില്ല, ഇത്തരത്തില്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഉണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് കെ. സുരേന്ദ്രനോട് ചോദിക്കണമെന്ന് വി. മുരളീധരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ. സുരേന്ദ്രന്റെ വിമര്‍ശനം.

പാലക്കാടുള്ള മുഴുവന്‍ നേതാക്കളെയും നേരിട്ട് കണ്ട് സംസാരിച്ചതിന് ശേഷമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. മൂന്ന് പേരുടെ പേരുകളുള്ള പട്ടിക വിശകലനം ചെയ്തതിന് ശേഷം അമിത് ഷാ, ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കളാണ് അന്തിമമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇതേ രീതിയാണ് വയനാട്, ചേലക്കര മണ്ഡലത്തിലും നടന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി. കൃഷ്ണകുമാറിന് താത്പര്യമുണ്ടായിരുന്നില്ലെന്നും സംസ്ഥാന നേതൃത്വം നൽകിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നേതാക്കളുടെ പേരുകള്‍ പറയില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിക്കിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് വലിയ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരണം നടത്തിയത് മാധ്യമങ്ങളാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇതിനുപുറമെ കൊടകരയിലെ കുഴല്‍പണക്കേസും മാധ്യമങ്ങള്‍ ആയുധമാക്കി. പാലക്കാട് ജില്ലയിലെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്കിതരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരുപോലെ പ്രതിരോധിച്ച് മുന്നോട്ടുപോകാനാണ് ബി.ജെ.പി നിലനില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍.ഡി.എഫ് കേരളത്തിന് അപകടമാണ്. അതിനേക്കാള്‍ തല്ലിപൊളിയായ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തിക്കാത്തതിന്റെ ചൊരുക്കാണ് ചിലര്‍ക്കെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി മോഹികളില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നേതൃത്വം പറയുന്നതിനനുസരിച്ചായിരിക്കും അധ്യക്ഷ സ്ഥാനം ഒഴിയണമോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകുകയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ടീമിനെ നയിക്കുന്ന വ്യക്തിയെന്ന നിലയില്‍ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനാണ്. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഓഡിറ്റ് ചെയ്യപ്പെടണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

എന്തെങ്കിലും പ്രശ്‌നം വരുമ്പോഴേക്കും എല്ലാവരും ശോഭ സുരേന്ദ്രനെ അതിനിടയിലേക്ക് വലിച്ചിഴക്കേണ്ടതില്ല. പാലക്കാട് തെരഞ്ഞെടുപ്പിനായി ഒരുപാട് കഷ്ടപ്പെട്ട നേതാവാണ് ശോഭ സുരേന്ദ്രനെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിക്ക് കാരണം ശോഭയും പാലക്കാടുള്ള കൗണ്‍സിലര്‍മാരുമാണെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്യ പ്രസ്താവനകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പരിശോധന നടത്തുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അനുഭാവിയായ ഷാജന്‍ സ്‌കറിയയാണ് തന്റെ രാജി ആവശ്യപ്പെടുന്നത്. അല്ലാതെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരും തന്നെ രാജി ആവശ്യപ്പെടുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: The central leadership will decide whether I should resign or go: K. Surendran