ന്യൂദല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സി.ആര്‍.പി.എഫിനാണ് സുരക്ഷ ചുമതല. ഇതിനിടെ പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷില്‍ഡ് വാക്സിന്റെ വില കുറയ്ക്കുകയാണെന്ന് അദാര്‍ പുനെവാല പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ച 400 രൂപ എന്ന വിലയില്‍ നിന്ന് 100 രൂപയാണ് വാക്സിന് കുറച്ചത്.
ഇതോടെ സംസ്ഥാനങ്ങള്‍ കൊവിഷില്‍ഡ് ഒരു ഡോസിന് 300 രൂപയാണ് നല്‍കേണ്ടത്. ട്വിറ്ററിലൂടെയായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം. ‘സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഒരു മനുഷ്യസ്‌നേഹി എന്ന നിലയില്‍, സംസ്ഥാനങ്ങള്‍ക്കുള്ള വില ഒരു ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയായി കുറയ്ക്കുന്നു, ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും; ഇത് ആയിരക്കണക്കിന് കോടി രുപ സംസ്ഥാന ഫണ്ടുകള്‍ ലാഭിക്കും. ഇത് കൂടുതല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാപ്തമാക്കുകയും എണ്ണമറ്റ ജീവന്‍ രക്ഷിക്കുകയും ചെയ്യും’ എന്നായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒയുടെ ട്വീറ്റ്.
കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു മിനുട്ടില്‍ 27 ലക്ഷം ഹിറ്റുകള്‍ ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
നേരത്തെ രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍നിന്നും പണം ചെലവഴിക്കേണ്ടി വന്നേക്കും.
Ministry of Home Affairs has issued orders to provide Y category security on an all India basis to Serum Institute’s Adar Poonawalla; CRPF to provide security to him pic.twitter.com/e7BEcSSeGe
— ANI (@ANI) April 28, 2021
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ് വാക്സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് കൊവിഷില്‍ഡ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം മേയ് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ടു വില്‍ക്കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വില പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: The Central Government has provided Y category security to the CEO of Serum Institute; CRPF in charge of security