ഇന്ദിര ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടിമാറ്റി കേന്ദ്ര സര്‍ക്കാര്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരുകളില്‍ മാറ്റം
national news
ഇന്ദിര ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടിമാറ്റി കേന്ദ്ര സര്‍ക്കാര്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരുകളില്‍ മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th February 2024, 7:16 pm

ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരുകളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടിമാറ്റി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്നാണ് ഇന്ദിര ഗാന്ധിയുടെ പേര് നീക്കം ചെയ്തത്. ദേശീയോദ്ഗ്രഥന സിനിമക്കുള്ള പുരസ്‌കാരത്തില്‍ നിന്ന് നടി നര്‍ഗീസിന്റെയും പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതായാണ് റിപ്പോര്‍ട്ട്.

‘മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിര ഗാന്ധി അവാര്‍ഡ്’, ‘ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്’ എന്ന രീതിയില്‍ ആയിരുന്നു ഇതുവരെ ഈ വിഭാഗത്തിനുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നത്.

സമിതിയുടെ നിര്‍ദേശ പ്രകാരം പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിര ഗാന്ധി അവാര്‍ഡ്’ ‘ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രം’ എന്ന് പുനര്‍നാമകരണം ചെയ്തു. കൂടാതെ നേരത്തെ നിര്‍മാതാവും സംവിധായകനും തുല്യമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കുമെന്നും സമിതി അറിയിച്ചു.

അതേസമയം ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്, ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം എന്ന് ഇനി അറിയപ്പെടുമെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി പറഞ്ഞു. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡുകള്‍ ഇതിലായിരിക്കും ഇനി ഉള്‍പ്പെടുക.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെയുള്ള ക്യാഷ് റിവാര്‍ഡുകളില്‍ വലിയ പരിഷ്‌കരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിനിമാ മേഖലയെ കുറിച്ച് കൊവിഡ് കാലത്ത് നടത്തിയ ചര്‍ച്ചയില്‍ താന്‍ ഏതാനും ശുപാര്‍ശകള്‍ നല്‍കിയതായി സമിതിയിലെ അംഗം കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ശബ്ദം പോലുള്ള സാങ്കേതിക വിഭാഗത്തില്‍ താന്‍ കുറച്ച് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നീര്‍ജ ശേഖറാണ് സമിതിയുടെ അധ്യക്ഷന്‍. സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍, വിപുല്‍ ഷാ, ഹവോബാം പബന്‍ കുമാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തലവന്‍ പ്രസൂണ്‍ ജോഷി, ഛായാഗ്രാഹകന്‍ എസ് നല്ലമുത്തു, ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് ജോയിന്റ് സെക്രട്ടറി പൃഥുല്‍ കുമാര്‍, മന്ത്രാലയത്തിന്റെ ഡയറക്ടര്‍ (ധനകാര്യം) കമലേഷ് കുമാര്‍ സിന്‍ഹ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.

Content Highlight: The central government has dropped former Prime Minister Indira Gandhi and Nargis Dutt from the names of the National Film Awards