ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഗസയില്‍ വംശഹത്യ ആരോപിച്ച് ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, ഇറാനുമായുള്ള അടുത്ത ബന്ധം, ഭൂമി കൈയേറ്റ നിയമം എന്നിവയില്‍ ആശങ്ക പ്രക്ടിപ്പിച്ചാണ് ട്രംപിന്റെ തീരുമാനം.
ഇസ്രഈലിനെതിരെ ആദ്യമായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. നിലവില്‍ നഷ്ടപരിഹാരം കൂടാതെ ഭൂമി പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന ദക്ഷിണാഫ്രിക്കയുടെ പുതിയ നിയമത്തില്‍ കൂടിയാണ് യു.എസ് ആശങ്ക പ്രകടിപ്പിച്ചത്.
എന്നാല്‍ ഈ നിയമം ഭരണഘടനാപരമായി നിര്‍ബന്ധിതമായ ഒരു പ്രക്രിയയാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പ്രതികരിച്ചിരുന്നു.
യു.എസിന്റെയും തങ്ങളുടെ സഖ്യകക്ഷികളുടെയും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ദക്ഷിണാഫ്രിക്കയുടെ വിദേശനയങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പറയുന്നു.
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വംശീയ വിവേചനത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കുമെന്നും ഉത്തരവിലുണ്ട്.
കണക്കുകള്‍ പ്രകാരം, 2023ല്‍ മാത്രമായി ദക്ഷിണാഫ്രിക്കക്ക് ഏകദേശം 440 മില്യണ്‍ ഡോളര്‍ സഹായം യു.എസ് അനുവദിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് സാമ്പത്തിക സഹായത്തെ എങ്ങനെ ബാധിക്കുമെന്നതില്‍ വ്യക്തതയില്ല.
ഫെബ്രുവരിയില്‍ ദക്ഷണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബുധനാഴ്ച അറിയിച്ചിരുന്നു.
നേരത്തെ ഉക്രൈന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും ട്രംപ് നിര്‍ത്തലാക്കിയിരുന്നു. യു.എന്‍ ഏജന്‍സിയായ അനര്‍വക്കുള്ള ധനസഹായം നല്‍കുന്നത് തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും യു.എസ് പിന്‍വാങ്ങിയിരുന്നു. ട്രംപിന്റെ ആദ്യ ടേമിലും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് വീണ്ടും പിന്മാറുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Content Highlight: The case against Israel, relations with Iran; US to cut aid to South Africa