തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ കിണറ്റില്‍ വീണ തമിഴ്‌നാട് സ്വദേശി മഹാരാജിന്റെ മൃതദേഹം പുറത്തെത്തിച്ചു. 48 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇയാളെ പുറത്തെത്തിക്കാനായത്. ഫയര്‍ ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും വിദഗ്ദ തൊഴിലാളികളും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നുള്ള 26 അംഗ സംഘവും എത്തിയിരുന്നു.
ജൂലൈ എട്ടിനായിരുന്നു കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് മഹാദേവന്‍ കിണറ്റില്‍ വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. 90 അടിയോളം താഴ്ചയുള്ള കിണറ്റിലായിരുന്നു മഹാരാജ് വീണത്. 20 അടിയോളം മണ്ണ് കിണറ്റില്‍ വീണിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ നിരവധി പരിമിതികള്‍ ഉണ്ടായിരുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉപകരണങ്ങളുടെ പരിമിതിയല്ലായിരുന്നു. 90 അടി താഴ്ചയുള്ള കിണറിലെ സിംഹ ഭാഗവും വരുന്ന മണ്ണ് നാട്ടിലെ കിണറിലെ പണി ചെയ്യുന്ന ആളുകളും ഞങ്ങളും ചേര്‍ന്ന് മാറ്റി. എന്നാല്‍ അവസാന 10 അടിയോളമുള്ള താഴ്ചയില്‍ മണ്ണ് മാറ്റാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. മെഷീന്‍ ഉപയോഗിച്ചാല്‍ ഉറവ പൊട്ടുന്ന അവസ്ഥയായിരുന്നു. മണ്ണ് മാറി പോകുന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് കൊല്ലത്ത് നിന്നും മൂന്ന് പേരെ കൊണ്ടുവന്നത്. തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും എല്ലാവരും ചേര്‍ന്ന് ശ്രമകരമായ ദൗത്യം നടത്തിയെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.