സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് വ്യക്തിയോ വ്യവസ്ഥയോ?
Opinion
സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് വ്യക്തിയോ വ്യവസ്ഥയോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2012, 3:25 pm

വധശിക്ഷ നല്‍കല്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണ്. അതേസമയം തന്നെ ഭരണകൂടം ഉള്‍പ്പടെ വെച്ചുപുലര്‍ത്തുന്ന ആണ്‍കോയ്മ ബോധത്തെ തകര്‍ക്കാന്‍ ഭരണകൂടം തയ്യാറല്ല എന്നതാണ് വസ്തുത. കാരണം ഇന്നത്തെ വ്യവസ്ഥിതിയും ഭരണക്രമവും അതേപടി നില നിര്‍ത്താന്‍ അത്തരം സ്ത്രീ വിരുദ്ധ മനോഭാവം കൂടിയേ കഴിയൂ. എന്തെന്നാല്‍ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥ തന്നെ, അത് മുതലാളിത്തമോ ജന്‍മിത്തമോ പുത്തന്‍/അര്‍ദ്ധകൊളോണിയല്‍ വ്യവസ്ഥയോ ആയിക്കൊള്ളട്ടെ പുരുഷാധിപത്യ സാമൂഹ്യ ക്രമമാണ്. അതിനാലാണ് സമൂഹത്തിലെ പുരുഷാധിപത്യ ബോധത്തിനു പകരം സ്ത്രീക്ക് ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശത്തെ എല്ലാത്തിനും കാരണമായി ചിത്രീകരിക്കാന്‍ മതസംഘടനകളും ഭരണകൂടവുമടക്കം തയ്യാറാകുന്നത്.ദിവ്യ ദിവാകരന്‍ എഴുതുന്നു…

 

എസ്സേയ്‌സ്/ദിവ്യ ദിവാകരന്‍

ഡിസംബര്‍ 16ാം തീയ്യതി രാത്രി ഡല്‍ഹിയിലെ തിരക്കേറിയ നഗരപാതയില്‍ ഒടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രൂരമായ ആക്രമണം ഡല്‍ഹിയെ മാത്രമല്ല ഇന്ത്യയെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ജനരോഷം അതിന്റെ സീമകളെ ലംഘിച്ചുകൊണ്ട് മുന്നേറുന്നു. ആണും പെണ്ണുമടങ്ങുന്ന വിദ്യാര്‍ത്ഥി സമൂഹം തെരിവിലേക്കെടുത്തുചാടി മഞ്ഞ് വീഴുന്ന ഡിസംബര്‍ രാവുകളേ പോലും ഉഷ്ണമാക്കിയിരിക്കുകയാണ്.[]

ദല്‍ഹി സംഭവം ഒറ്റപ്പെട്ടതോ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമോ അല്ല. ലോകത്തെല്ലായിടത്തും സ്ത്രീകള്‍ക്ക് നേരെ പലരീതിയിലുള്ള ആക്രമണങ്ങള്‍ നിരന്തരം നടന്നുവരുന്നു.

ഇന്ത്യയില്‍ തന്നെ ആദിവാസികളും ദലിതരുമായ സ്ത്രീകളും പെണ്‍കുട്ടികളും നിത്യേന അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരകളായിക്കൊണ്ടിരിക്കുന്നത്.

സോണി സോറിയുടെ യോനിയിലും മലദ്വാരത്തിലും വലിപ്പമുള്ള കല്ലുകള്‍ ഇടിച്ചുകയറ്റിയത് സാധാരണ പൗരന്‍മാരല്ല, മറിച്ച് ഭരണകൂടം നേരിട്ടായിരുന്നു എന്നത് പ്രശ്‌നം നിയമത്തിന്റെ ദൗര്‍ബല്യമാണെന്ന് അതിലളിതവല്‍ക്കരിച്ചു കാണേണ്ടുന്ന ഒന്നല്ല എന്ന് മനസിലാക്കിത്തരുന്നു.

മണിപ്പൂരില്‍, കാശ്മീരില്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ സ്ത്രീ പീഡന പട്ടികയില്‍ വരുന്നില്ല. തങ്ങളുടെ അവകാശമായാണ്  ഭരണകൂടം ഇതിലൂടെ പറയാതെ പറഞ്ഞുവെയ്ക്കുകയാണ്.

ശ്രീലങ്കയിലെ വംശീയഹത്യക്കൊടുവില്‍ ടിം കിങ് പുറത്തുവിട്ട ചിത്രങ്ങള്‍ അതിഭീകരമായിരുന്നു. ബലാത്സംഗത്തിനിരയാക്കപ്പെട്ട ശേഷവും അങ്ങേയറ്റം അവജ്ഞയോടെ സ്ത്രീ ശരീരത്തോട് കാട്ടുന്ന ക്രൂരത ദല്‍ഹി സംഭവത്തില്‍ മാത്രമല്ല ഈ ശ്രീലങ്കന്‍ വംശഹത്യയുടെ ചിത്രങ്ങളിലും നമ്മള്‍ കാണുന്നു. വംശീയതയും വര്‍ഗീതയും അവശേഷിപ്പിക്കുന്നതും സ്ത്രീകളുടെ ശാരീരിക ആക്രമണങ്ങളിലേയ്ക്കുമാണ്.

സോണി സോറിയുടെ യോനിയിലും മലദ്വാരത്തിലും വലിപ്പമുള്ള കല്ലുകള്‍ ഇടിച്ചുകയറ്റിയത് സാധാരണ പൗരന്‍മാരല്ല, മറിച്ച് ഭരണകൂടം നേരിട്ടായിരുന്നു എന്നത് പ്രശ്‌നം നിയമത്തിന്റെ ദൗര്‍ബല്യമാണെന്ന് അതിലളിതവല്‍ക്കരിച്ചു കാണേണ്ടുന്ന ഒന്നല്ല എന്ന് മനസിലാക്കിത്തരുന്നു.

ഓരോ മിനിട്ടിലും സ്ത്രീകളും പെണ്‍കുട്ടികളും,ജാതി ഭേതമന്യേ ബലാത്സംഗം ചെയ്യപ്പെടുന്നു. തട്ടിക്കൊണ്ട് പോകപ്പെടുന്നു. വീടിനകത്തും പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും ലിംഗപരമായ വിവേചനം നേരിടുന്നു.

ഒരു ജനസമൂഹത്തിന്റെ പാതിയില്‍ കൂടുതല്‍ വരുന്ന സ്ത്രീ സമൂഹം സഹജീവിയായ പുരുഷനെ ഭയന്നോ എതിരിട്ടോ വിധേയമാകേണ്ടിവന്നോ ഒക്കെ ഇന്നും ജീവിക്കേണ്ടി വരുന്നു. അരുണ ഷാന്‍ബാഗ്, സൗമ്യ, മനോരമ ദേവി, സോണി സോറി, കൃഷ്ണ പ്രിയ, ശാരി, എന്നിവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നതേയില്ല.

അറിയപ്പെട്ടും അറിയപ്പെടാതെയും എത്രയോ പേര്‍ നമുക്കിടയില്‍ മരിച്ചും ജീവിച്ചും പീഡാനുഭവങ്ങളോടെയും ഉണ്ടെന്ന യാഥാര്‍ത്ഥ്യം എപ്പോഴൊക്കെയാണ് നാം ഓര്‍മിക്കുന്നത്? സ്വസ്ഥമായ ജീവിതം ലഭിക്കാതെ, അരക്ഷിതമായ അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണുള്ളത്?

സൂര്യനെല്ലിയും ഐസ്‌ക്രീം പാര്‍ലറുകളും കവിയൂര്‍, കിളിരൂര്‍, വിതുര, കൊട്ടിയം, പറവൂര്‍ തോപ്പുംപടി എന്നീ സ്ഥലങ്ങളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വാര്‍ത്തകള്‍ക്കപ്പുറം അത് അപമാനത്തിന്റെയും ചൂഷണത്തിന്റെയും അക്രമത്തിന്റെയും സ്ത്രീവിരുദ്ധമായ സംഭവങ്ങളായിരുന്നു. ഇന്ന് നിത്യ സംഭവമെന്നോണം ഇവയെ ഉള്‍ക്കൊള്ളുന്ന ഒരു മാനസികാവസ്ഥ വരെ നാമെത്തി നില്‍ക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സ്ത്രീകള്‍ക്ക് ആരില്‍ നിന്നാണ് സ്വാതന്ത്ര്യം ലഭിച്ചത്? എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്‍വിധിയില്ലാതെ ഇന്ന് ഏത് സ്ത്രീക്ക് ജീവിക്കാനാകും? ഒരു മനുഷ്യ ജീവി എന്ന രീതിയില്‍ നിര്‍ഭയമയ ജീവിതം സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന ഈ സാമൂഹ്യ വിഭാഗത്തിന് സാധ്യമാകുന്നതെന്നാണ്? ജനാധിപത്യത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ എന്താണ് “സെക്കന്റ് സെക്‌സിന്റെ” സ്ഥാനം?

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ കേവലം ആ വ്യക്തിക്കു നേരെ മാത്രമുള്ള കടന്നാക്രമണങ്ങളല്ല. ഒരു സമൂഹം എത്തിപ്പെടേണ്ട ജനാധിപത്യപരമായ ഉയര്‍ന്നഘട്ടത്തിന് വിഘാതമായി നില്‍ക്കുന്ന ഇവ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളാണ്.

സ്ത്രീ സമൂഹത്തിന് നേരെ വെച്ച്പുലര്‍ത്തുന്ന അധികാര ബോധത്തിന്റെ ഫലമാണ് ഇന്ന് അവര്‍ നേരിടുന്ന ചൂഷണങ്ങളെല്ലാം തന്നെ. തന്നോളം പോന്ന ഒരു വ്യക്തിയായി കാണാന്‍ കഴിയാത്ത വിധം ആണ്‍കോയ്മ ബോധം വെച്ചുപുലര്‍ത്തപ്പെടുന്നു. ലോകത്തെവിടെയാണെങ്കിലും സ്ത്രീയെന്നത് ആണ്‍കോയ്‌മോ ബോധത്തിന്റെ ഇര തന്നെയായി അവശേഷിക്കുന്നു.

സൂര്യ നെല്ലിക്കേസിലെ ഇരയായ സ്ത്രീയെയാണ് സമൂഹത്തിന് അപമാനമായി നിയമക്കോടതികളുള്‍പ്പടെ ചിത്രീകരിച്ചത്. ഇതിലൂടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാമൂഹ്യ നീതിയും തുല്യതയും അഭിമാനവും ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥപോലും കുറ്റകരമായ വീഴ്ചയാണ് വരുത്തി യിരിക്കുന്നതെന്ന് പറയേണ്ടി വരുന്നു.

സ്വകാര്യ സ്വത്തിന്റെ ഉത്ഭവം സ്ത്രീയെയും സ്വകാര്യ സ്വത്താക്കി. അതിന്റെ ഉടമസ്ഥത, നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്നതുപോലെ സ്ത്രീയെയും പരിഗണിച്ചു.

സമൂഹത്തിന്റെ എല്ലാ പൊതുവിടങ്ങളില്‍ നിന്നും അവര്‍ ആട്ടിയകറ്റപ്പട്ടു. സ്ത്രീകള്‍ അവകാശം അര്‍ഹിക്കുന്നില്ല എന്ന ബോധം ധര്‍മ-മത-പുരാണ ഗ്രന്ഥങ്ങളടക്കം പ്രഖ്യാപിക്കപ്പെട്ടു. അവര്‍ പൊതുവിടങ്ങളിലേയ്ക്ക് കടന്നുവരുന്നത് കലികാലമായി തന്നെ കാണണമെന്ന് ശഠിക്കപ്പെട്ടു. അങ്ങനെ സ്ത്രീകളെ സഹജീവികളായിപ്പോലും കാണാനാവില്ല എന്ന ഒരു പൊതുബോധം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

ഇത്തരത്തില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടുള്ള അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും ചൂഷണത്തിനും സ്ത്രീ സമൂഹം ഇരയാക്കപ്പെട്ടു. ഈ ഒരു പശ്ചാത്തലത്തില്‍ വേണം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ വിശദീകരിക്കാന്‍.

ഇത്തരത്തിലുള്ള പൊതുനിര്‍മിതി രൂപീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ ഇന്നും വഹിക്കുന്ന പങ്ക് ചെറുതല്ല. നമ്മുടെ മുന്നിലെത്തുന്ന വാര്‍ത്തകള്‍ പോലും വളച്ചൊടിപ്പിക്കപ്പെടുന്നു.

ഏതു സംഭവങ്ങള്‍ നമ്മുടെ മുന്നിലെത്തണമെന്നും ഏതു വിധത്തിലെത്തണമെന്നും എത്ര പ്രാധാന്യം ലഭിക്കണമെന്നും എത്രനേരം ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കണമെന്നും മാധ്യമങ്ങള്‍ തീരുമാനിക്കുന്നു. പ്രതിഷേധ തീയില്‍ ദല്‍ഹി വെന്തുരുകുമ്പോഴാണ് മാധ്യമ ശ്രദ്ധയ്ക്കും ചര്‍ച്ചയ്ക്കും വിരാമമിട്ടുകൊണ്ട് സചിന്‍ ടെണ്ടുല്‍ക്കറിന്റെ “അപ്രതീക്ഷിത” വിരമിക്കല്‍. അത് ഒരു സാമൂഹിക വിഷയമായി മാറ്റുന്നതില്‍ നന്നായി തന്നെ മാധ്യമങ്ങള്‍ പരിശ്രമിച്ചു.

അതുവരെ സജീവമായി ഇടപെട്ടുനിന്നിരുന്ന മാധ്യമങ്ങളുടെ മുഖം നൊടിയിടയില്‍ മാറുകയും സചിന്‍ വികാരം ഇന്ത്യയുടെ മൊത്തം വികാരമായി അവതരിപ്പിക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു. അതാണ് ഭൂരിഭാഗം മാധ്യമങ്ങളുടെയും ആത്മാര്‍ത്ഥത. അതേസമയം തെരുവിലിറങ്ങുന്ന ജനതയെ ഭയപ്പെടുത്തുന്ന ഭരണകൂടം ജന വികാരത്തെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു.

2009ല്‍ നിന്ന് 2012ലേക്കെത്തുമ്പോള്‍ സമൂഹത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ് ചെയ്യുന്നത്. നീതിന്യായ സംവിധാനങ്ങളും വിശാലമായി എഴുതപ്പെട്ട അവകാശ രേഖയും പ്രാതിനിത്യഭരണ ക്രമവും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആണ് ഇത് നടക്കുന്നത്.

സമൂഹത്തിലെ സാധാരണക്കാര്‍ ചെയ്യുന്ന കുറ്റങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ രാഷ്ട്രീയക്കാരും ഭരണകൂടവും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ബോധപൂര്‍വം മറയ്ക്കപ്പെടുന്നു. നാഷണല്‍ ഇലക്ഷന്‍ വാച് / അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് കണക്കുകള്‍ പ്രകാരം, തെരഞ്ഞെടുപ്പിനെ അഭിമുകീകരിക്കുന്ന ഇരുനൂറ്റി അറുപതോളം ജനപ്രതിനിധികള്‍ പീഡന കേസുകളിലെ പ്രതികളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്.

ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രം കോണ്‍ഗ്രസില്‍ നിന്ന്  ഇരുപത്തിയാറു പേരും ബി.ജെ.പിയില്‍ നിന്ന് ഇരുപത്തി നാല് പേരും ബി.എസ്.പിയില്‍ നിന്നും പതിനെട്ടു പേരും  സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പതിനാറു പേരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഇരുപത്തിയേഴു പേര്‍ ബലാത്സംഗകുറ്റം തന്നെ ചുമതപ്പെട്ടവരാണ്. ഇങ്ങനെ ബാലാത്സംഗികള്‍ ഭരിക്കുന്ന നാട്ടില്‍ സ്ത്രീക്ക് എന്ത് നീതി ലഭിക്കും?

അധികാരവും പണവും ഉള്ളവര്‍ക്ക് ജീവപര്യന്തം എന്നത് രണ്ടോ മൂന്നോ വര്‍ഷം അനുഭവിച്ചാല്‍ മതി എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്തുകുറ്റം ചെയ്താലും സുഖമായി ഊരിപ്പോകാമെന്നുള്ള മനോഭാവം സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക് നിയമാനുകൂല്യങ്ങളുടെ ഈ ഇരട്ടസ്വഭാവം മൂലം ഉണ്ടാകുന്നു.  അധികാര സ്ഥാപനങ്ങള്‍ അത്രമാത്രം ഉയര്‍ന്ന വിഭാഗങ്ങള്‍ക്കനുകൂലവുമാണ്.

സൂര്യ നെല്ലിക്കേസിലെ ഇരയായ സ്ത്രീയെയാണ് സമൂഹത്തിന് അപമാനമായി നിയമക്കോടതികളുള്‍പ്പടെ ചിത്രീകരിച്ചത്. ഇതിലൂടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാമൂഹ്യ നീതിയും തുല്യതയും അഭിമാനവും ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥപോലും കുറ്റകരമായ വീഴ്ചയാണ് വരുത്തതിയിരിക്കുന്നതെന്ന് പറയേണ്ടി വരുന്നു.

ബലാല്‍സംഗത്തെ അതിനീചമായ കുറ്റമായി കണക്കാക്കി വധശിക്ഷ നല്‍കണമെന്ന ആഹ്വാനം സമൂഹത്തിന്റെ വിവിധ തലത്തില്‍ നിന്നുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ പുരുഷാധിപത്യ മനോഭാവം സ്ത്രീയോട് വെച്ച് പുലര്‍ത്തുന്ന കാഴ്ച്ചപ്പാടിനേയും അതില്‍ നിന്നും രൂപം കൊള്ളുന്ന പീഡനങ്ങളേയും ബലാത്സംഗത്തെയുമൊക്കെ വധശിക്ഷയിലൂടെ ഇല്ലാതാക്കാമെന്ന ധാരണ ശുദ്ധ അസംബന്ധം അല്ലെ? വധശിക്ഷയോ ജീവപര്യന്തം തടവോ പോലുള്ള ശിക്ഷാവിധികള്‍ ഉണ്ടായിട്ടും സമൂഹത്തില്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ആരും പിന്മാറുന്നില്ല.

ഒരാളെ ഇല്ലാതാക്കുന്നത് വഴി അല്ലെങ്കില്‍ ബലാല്‍സംഗംപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയിലൂടെ കുറയ്ക്കാമെന്നു കരുതുന്നത് തെറ്റിധാരണയാണ്.

വധശിക്ഷ  നല്‍കല്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണ്. അതേസമയം തന്നെ ഭരണകൂടം ഉള്‍പ്പടെ വെച്ചുപുലര്‍ത്തുന്ന ആണ്‍കോയ്മ ബോധത്തെ തകര്‍ക്കാന്‍ ഭരണകൂടം തയ്യാറല്ല എന്നതാണ് വസ്തുത.

കാരണം ഇന്നത്തെ വ്യവസ്ഥിതിയും ഭരണക്രമവും അതേപടി നില നിര്‍ത്താന്‍ അത്തരം സ്ത്രീ വിരുദ്ധ മനോഭാവം കൂടിയേ കഴിയൂ. എന്തെന്നാല്‍ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥ തന്നെ, അത് മുതലാളിത്തമോ ജന്‍മിത്തമോ പുത്തന്‍/അര്‍ദ്ധകൊളോണിയല്‍ വ്യവസ്ഥയോ ആയിക്കൊള്ളട്ടെ പുരുഷാധിപത്യ സാമൂഹ്യ ക്രമമാണ്. അതിനാലാണ് സമൂഹത്തിലെ പുരുഷാധിപത്യ ബോധത്തിനു പകരം സ്ത്രീക്ക് ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശത്തെ എല്ലാത്തിനും കാരണമായി ചിത്രീകരിക്കാന്‍ മതസംഘടനകളും ഭരണകൂടവുമടക്കം തയ്യാറാകുന്നത്.

സ്ത്രീയുടെ വ്യക്തിത്വം, സ്വയം നിര്‍ണയാവകാശം , മനുഷ്യാവകാശങ്ങള്‍, സ്വകാര്യത, അന്തസ്, സ്വത്വം എന്നിവയ്ക്ക് നേരെയുയരുന്ന അതിക്രമങ്ങളായി മാറുകയാണ് ആണ്‍കോയ്മ  മനോഭാവം. അങ്ങനെയുള്ള മൂല്യ ബോധത്തെ പ്രോല്‍സാഹിപ്പിക്കുന്നിടത്തോളം, സ്ത്രീ എന്നും രണ്ടാം കിട പൗര തന്നെയായി അവശേഷിക്കും, ശരീരം മാത്രമായി ഒതുക്കപ്പെടും… ശാരീരികാക്രമണങ്ങള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും…

ഉയര്‍ന്നു വരുന്ന ജന രോഷത്തെ തണുപ്പിക്കാന്‍ വധശിക്ഷയോ മറ്റേതെങ്കിലും കടുത്ത ശിക്ഷകളോ മതിയാകും, എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ പരിഹരിക്കാന്‍ ഈ ശിക്ഷകള്‍ക്ക് കഴിയില്ല. നില നില്‍ക്കുന്ന ആണ്‍ കോയ്മ ബോധത്തെ ചോദ്യം ചെയ്യാതിരിക്കുന്നിടത്തോളം , പുരുഷാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യാതിരിക്കുന്നിടത്തോളം, അതിലൂടെ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാതിരിക്കുന്നിടത്തോളം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു അവസാനവുമുണ്ടവില്ല. നിലനില്‍ക്കുന്ന ആണ്‍കോയ്മയുടെ പ്രകടരൂപങ്ങളില്‍ ഒന്നാണ് ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍.

ഇവിടെയാണ് ദല്‍ഹിയില്‍ ആരംഭിച്ചതുപോലെയുള്ള ജനകീയ സമരങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും വിവേചനങ്ങളും കേവലം സ്ത്രീകളുടെ പ്രശ്്‌നമായി മാത്രം കാണാതെ സാമൂഹ്യ വിപത്തായി കാണുകയും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാരും ഒന്നിച്ചുപൊരുതുകയും ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണ്. സ്ത്രീയുടെ പ്രശ്‌നം പുരുഷനല്ലെന്നും പുരുഷാധിപത്യ ബോധവും പുരുഷാധിപത്യ വ്യവസ്ഥിതിയുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവയ്‌ക്കെതിരായി ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ വികസിപ്പിക്കപ്പെടുകയാണ് വേണ്ടത്. പുരുഷാധിപത്യ ബോധത്തൈ തകര്‍ത്തെറിഞ്ഞ ഒരു സാമൂഹ്യ നവീകരണത്തിനും ക്രമത്തിനുമായിരിക്കണം ഇത്തരം സമരങ്ങള്‍ ഊന്നല്‍ നല്‍കേണ്ടുന്നത്.

(പി.എസ്.എഫ് സംസ്ഥാന കണ്‍വീനര്‍ ആണ് ലേഖിക)