ബാങ്കോക്ക്: തായ്‌ലന്റിലെ നാഖോന്‍ രാച്ചസിമ നഗരത്തില്‍ സൈനികന്‍ നടത്തിയ വെടിവെപ്പിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ജനങ്ങള്‍ വിട്ടുമാറിയിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ട 29 പേര്‍ക്കും തായ്‌ലന്റ് സന്യാസിമാരുടെ സാന്നിധ്യത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. 57 പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമി തര്‍ക്കമാണ് ഇയാളെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് തായ്‌ലന്റ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
ജക്രഫന്ത് തൊമ്മ എന്ന 32 കാരനാണ് കഴിഞ്ഞ ദിവസം വെടിവെപ്പ് നടത്തിയത്. നഗരത്തിലെ ഷോപ്പിഗ് മാളിലും പുറത്തുമായിട്ടാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെടിവെപ്പിന് ദൃക്‌സാക്ഷിയായ ഒരാള്‍ അമേരിക്കന്‍ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അക്രമിയെകുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ‘അയാള്‍ എല്ലായിടത്തും വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ അയാളുടെ ഉന്നം കൃത്യമായിരുന്നു. ആളുകളുടെ തലയ്ക്ക് നോക്കിയാണ് വെടിവെച്ചത്,’ ഈ ദൃക്‌സാക്ഷിയുടെ ഒരു സുഹൃത്തും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട ഒരു 33 കാരന്‍ ഷോപ്പിംഗ് മാളിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം നിരവധി പേര്‍ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ഇതിലുള്‍പ്പെട്ട ഒരാളുടെ സുഹൃത്ത് സി.സി.ടി.വി റൂമില്‍ നിന്നും നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ക്ക് രക്ഷപ്പെടാനായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ച രാത്രിയാണ് സൈനികന്‍ തായ്‌ലന്റ് നഗരത്തില്‍ വെടിവെപ്പ് നടത്തിയത്. ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തു. പതിനേഴു മണിക്കൂറോളം വെടിവെപ്പ് നടത്തിയ സൈനികനെ തായലന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.