ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരെ ട്രാഫിക് വളണ്ടിയർമാരായി നിയമിച്ച് തെലങ്കാന സർക്കാർ
national news
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരെ ട്രാഫിക് വളണ്ടിയർമാരായി നിയമിച്ച് തെലങ്കാന സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2024, 9:17 am

ഹൈദരാബാദ്: ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി തെലങ്കാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ട്രാഫിക് വളന്റിയര്‍മാരായാണ് തെലങ്കാന സര്‍ക്കാര്‍ നിയമിക്കാനൊരുങ്ങുന്നത്.

ഹൈദരാബാദിലെ വര്‍ധിച്ചുവരുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ നിയമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്.

പ്രത്യേക ഡ്രസ് കോഡുകളും ഹോം ഗാര്‍ഡുകള്‍ക്ക് തുല്യമായ ശമ്പളവും ലഭ്യമാക്കുമെന്നും തീരുമാനം പരീക്ഷണാടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ നടപ്പിലാക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.

ഹൈദരാബാദിലെ ഡ്രങ്ക് ഡ്രൈവ് പരിശോധനയ്ക്കും ട്രാഫിക് മാനേജ്‌മെന്റിനും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ സഹായം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

നേരത്തേ തീരുമാനിച്ചത് പോലെ ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ട്രാഫിക് സോണുകളില്‍ ട്രാഫിക് വളന്റിയര്‍മാരായി നിയമിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിഗ്നല്‍ ജമ്പിങ് മേഖലകളില്‍ ഹോം ഗാര്‍ഡുകളുടെ മാതൃകയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ സേവനം പ്രയോജനപ്പെടുത്താനും ഇതിലൂടെ ഗതാഗത നിയമ ലംഘനം തടയണമെന്നും മുഖ്യമന്ത്രി ഉത്തരവില്‍ പറയുന്നു.

ഡ്രങ്ക് ആന്റ് ഡ്രൈവ് ചെക്കിങ് പോയിന്റുകളില്‍ ട്രാഫിക് വളന്റിയര്‍മാരെ വിന്യസിക്കണമെന്നും തുടര്‍ന്ന് വലിയ തോതിലുള്ള ട്രാഫിക് കേസുകളും അപകടങ്ങളും കുറയ്ക്കാനും കഴിയുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Content Highlight: Telangana Govt Appoints Transgenders as Traffic Volunteers