ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാരിന്റെ ഉത്തരവ്. രോഹിത് വെമുല ദളിതനായിരുന്നില്ലെന്ന വാദം ആവര്‍ത്തിച്ചാണ് തെലങ്കാന പൊലീസ് കേസ് അവസാനിപ്പിച്ചത്.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ഡി.ജി.പി ആവശ്യപ്പെടുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന പൊലീസ് വെമുല കേസ് അവസാനിപ്പിച്ചതിന് പിന്നാലെ ഹൈദരാബാദ് സര്‍വകലാശാലയിലടക്കം പ്രതിഷേധമുണ്ടായി. വിദ്യാര്‍ത്ഥിസംഘടനകള്‍ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തി.
ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകത്തിനിരയായ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായ ?ബി.ജെ.പി നേതാക്കളെയടക്കം രക്ഷിക്കാനാണ് പൊലീസ് വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച്ചയാണ് കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തന്റെ യഥാര്‍ത്ഥ ജാതി പുറത്ത് വരുമെന്ന ഭയത്തിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പട്ടിക വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് രോഹിതിന്റെ കുടുംബം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ ആവശ്യമായ ഒരു വിവരങ്ങളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടില്ല.