ഐ.പി.എല്‍ 2023ന്റെ പ്ലേ ഓഫ് ചിത്രങ്ങള്‍ പൂര്‍ണമായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ രാജാക്കന്‍മാരായി തുടര്‍ന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാമതും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്ഥാനക്കാരായും പ്ലേ ഓഫ് ഉറപ്പിച്ചു. ഏറെ സസ്‌പെന്‍സിന് ശേഷം മുംബൈ ഇന്ത്യന്‍സാണ് നാലാമത് ടീമായി പ്ലേ ഓഫിന് യോഗ്യത നേടിയത്.
മെയ് 23നാണ് ആദ്യ ക്വാളിഫയര്‍ മത്സരം നടക്കുന്നത്. പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഫൈനലിലെ ആദ്യ സ്ഥാനത്തിന് വേണ്ടി പോരാടും. ഈ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും.
മെയ് 24ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ആദ്യ ക്വാളിഫയറിലെ പരാജിതര്‍ ഏറ്റുമുട്ടും. മെയ് 26നാണ് രണ്ടാം ക്വാളിഫയര്‍. ആദ്യ ക്വാളിഫയറിലെ വിജയികളും രണ്ടാം ക്വാളിഫയറിലെ വിജയികളും മെയ് 28ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുകയും വിജയികള്‍ കപ്പുയര്‍ത്തുകയും ചെയ്യും.
എന്നാല്‍ ഫുട്‌ബോളിലേതുപോലെയാണ് ഐ.പി.എല്ലിലെയും വിജയികളെ തീരുമാനിക്കുന്നതെങ്കിലോ? അതായത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നവരാണ് സീസണിലെ ചാമ്പ്യന്‍മാരാവുന്നതെങ്കില്‍… ഇനിയും മത്സരങ്ങള്‍ ശേഷിക്കെ തന്നെ ചാമ്പ്യന്‍മാരെ പ്രഖ്യാപിക്കുകയായിരുന്നുവെങ്കില്‍… അത്തരത്തിലാണ് ഐ.പി.എല്‍ അരങ്ങേറിയതെങ്കില്‍ എന്തല്ലാം സംഭവിക്കുമെന്ന് പരിശോധിക്കാം.
ഉദ്ഘാടന ചാമ്പ്യന്‍മാരായി രാജസ്ഥാന്‍ റോയല്‍സ് തന്നെ തുടരുമായിരുന്നു. കാരണം ആദ്യ സീസണിലെ ഫൈനലില്‍ മാത്രമല്ല പോയിന്റ് പട്ടികയിലും അവര്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ കപ്പുയര്‍ത്തിയതിന്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യന്‍സിനൊപ്പം തന്നെ തുടരുമായിരുന്നു, എന്നാല്‍ കപ്പിന്റെ എണ്ണത്തില്‍ കുറവുവന്നേനേ. നാല് തവണയാണ് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക (2010, 2017, 2019, 2020). ഈ നാല് സീസണിലും ഇവര്‍ തന്നെ ചാമ്പ്യന്‍മാരാകുമായിരുന്നു.
2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ടൈറ്റില്‍ നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമിനും കപ്പടിക്കാന്‍ സാധിക്കുമായിരുന്നു എന്നതാണ് രസകരമായ കാര്യം. പഞ്ചാബ് കിങ്‌സ് / കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒരിക്കലും (2014) ദല്‍ഹി ക്യാപ്പിറ്റല്‍സ്/ദല്‍ഹി ഡെയര്‍ഡെവിള്‍സ് മൂന്ന് തവണയും (2009, 2012 2021) ഐ.പി.എല്ലിന്റെ കിരീടമുയര്‍ത്തുമായിരുന്നു.
അങ്ങനെയെങ്കില്‍ ഐ.പി.എല്ലില്‍ രണ്ടാമതായി ഏറ്റവുമധികം തവണ ടൈറ്റില്‍ നേടിയതിന്റെ നേട്ടം ധോണിപ്പടയെ മറികടന്ന് ദല്‍ഹിയും ഗുജറാത്ത് ഫ്രാഞ്ചൈസിയും കൊണ്ടുപോവുമായിരുന്നു. ദല്‍ഹിയെ പോലെ മൂന്ന് തവണയാണ് ഗുജറാത്തും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. 2016ല്‍ ഗുജറാത്ത് ലയണ്‍സും 2022, 2023 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും ഐ.പി.എല്ലിന്റെ ടൈറ്റില്‍ വിന്നേഴ്‌സ് ആകുമായിരുന്നു.
2011ലാണ് റോയല്‍ ചലഞ്ചേഴ്‌സിന് ചാമ്പ്യന്‍മാരാകാന്‍ സാധിക്കുമായിരുന്നത്. 14 മത്സരത്തില്‍ നിന്നും 19 പോയിന്റോടെയാണ് ആര്‍.സി.ബി ഒന്നാം സ്ഥാനത്തെത്തിയത്.