ഹൈദരാബാദ്: സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, പരസ്യം മരവിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് തെലങ്കാനയിലെ ഉറുദു ദിനപത്രമായ മുൻസിഫ് ഡെയ്‌ലി. പ്രതിഷേധാത്മകമായി മുൻസിഫ് ഡെയ്‌ലി തങ്ങളുടെ എഡിറ്റോറിയൽ കോളം ഒഴിവാക്കി പത്രം പ്രസിദ്ധീകരിക്കുകയായിരുന്നു.
1970കളിൽ ഇന്ദിരാഗാന്ധി സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ് നിലവിലെ ഈ നടപടിയെന്നും പത്രം വിമർശിച്ചു. സർക്കാരിന്റെ പോരായ്മകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് സർക്കാർ തങ്ങളെ ശിക്ഷിക്കുകയാണെന്ന് മുൻസിഫ് ഡെയ്‌ലി ദിനപത്രം പറഞ്ഞു.
1975ൽ ഇന്ദിരാഗാന്ധി മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഇന്ന് അവരുടെ പാർട്ടി ചരിത്രം ആവർത്തിക്കുകയാണ്. പക്ഷേ ഒന്ന് അറിയിക്കട്ടെ, പേന ഇപ്പോഴും വാളിനേക്കാൾ ശക്തമാണ്. ഇന്ത്യയിലെ പത്രപ്രവർത്തനം നിശബ്ദമാക്കപ്പെടില്ല
ആതർ മോയിൻ
‘പൊലീസിന്റെ പരാജയം, വർഗീയ കലാപം, പള്ളികൾ പൊളിച്ചുമാറ്റൽ, ന്യൂനപക്ഷ സ്‌കൂൾ കുട്ടികളുടെ വസ്ത്രധാരണരീതിയിൽ വരുത്തിയ മാറ്റം, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിലുള്ള സർക്കാർ നിഷ്‌ക്രിയത്വം, മന്ത്രിസഭയിൽ മുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തത് തുടങ്ങിയ വിവിധ വിഷയങ്ങൾ ഞങ്ങൾ ഉയർത്തിക്കാട്ടി. ഇതിനുപുറമെ, ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ശമ്പള കുടിശ്ശിക, വിവാഹമോചിതരായ സ്ത്രീകൾക്കുള്ള അലവൻസുകൾ നിർത്തലാക്കൽ തുടങ്ങിയ വിഷയങ്ങളും ഞങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ കോൺഗ്രസ് സർക്കാർ ഞങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചു.
തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ ഒരു സുവർണകാലം വന്നിരിക്കുന്നുവെന്ന് വായനക്കാരെ ബോധ്യപ്പെടുത്താൻ രേവന്ത് സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഒരിക്കലും സാധ്യമാകില്ല. മറിച്ച്, കൃഷിഭൂമി തരിശായി മാറുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ ചോദിക്കും. ഭക്ഷണത്തിന്റെ അഭാവം മൂലം ആളുകൾ പട്ടിണി കിടക്കുന്നത് എന്തുകൊണ്ട്? നിരപരാധികളായ പെൺകുട്ടികൾ എന്തിനാണ് പീഡിപ്പിക്കപ്പെടുന്നത്,’ മുൻസിഫ് ഡെയ്‌ലിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആതർ മോയിൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പത്രം പ്രത്യേകം പരാമർശിച്ചു. 2023ൽ വാഷിങ്ടൺ സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത്, ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഭീഷണിയിലാണ് അത് ലോകം മുഴുവൻ കാണുന്നു എന്നാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര പത്രപ്രവർത്തനം അത്യാവശ്യമാണ്, വിമർശനങ്ങളെ സ്വീകരിക്കാനുള്ള ഒരു മനോഭാവം ഉണ്ടായിരിക്കണം. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി ഇപ്പോൾ വിപരീത ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുൻസിഫ് ഡെയ്‌ലി വിമർശിച്ചു.
1975ൽ ഇന്ദിരാഗാന്ധി മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഇന്ന് അവരുടെ പാർട്ടി ചരിത്രം ആവർത്തിക്കുകയാണ്. പക്ഷേ ഒന്ന് അറിയിക്കട്ടെ, പേന ഇപ്പോഴും വാളിനേക്കാൾ ശക്തമാണ്. ഇന്ത്യയിലെ പത്രപ്രവർത്തനം നിശബ്ദമാക്കപ്പെടില്ല ആതർ മോയിൻ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Content Highlight: Journalism Won’t Be Silenced”: Telangana Urdu Daily Publishes Blank Editorial