ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ആതിഥേയര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മികച്ച തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസിന് ലഭിച്ചത്. ഓപ്പണര്‍ ഷായ് ഹോപ്പാണ് വിന്‍ഡീസ് ഇന്നിങ്‌സിനെ മുന്നില്‍ നിന്നും നയിക്കുന്നത്. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം മികച്ച രീതിയില്‍ തന്നെ ബാറ്റിങ് തുടരുകയാണ്.
27 ഓവര്‍ പിന്നിട്ടപ്പോള്‍ 148 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് വിന്‍ഡീസ്. 39 റണ്ണെടുത്ത ഓപ്പണര്‍ കൈല്‍ മയേഴ്‌സ്, 35 റണ്ണടിച്ച ഷമാര്‍ ബ്രൂക്‌സ്, പൂജ്യത്തിന് പുറത്തായ ബ്രാന്‍ഡന്‍ കിങ് എന്നിവരുടെ വിക്കറ്റാണ് കരീബിയന്‍ പടയ്ക്ക് നഷ്ടമായത്. ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവരാണ് വിക്കറ്റ് നേടിയത്.
അരങ്ങേറ്റക്കാരന്‍ ആവേശ് ഖാനെ ഒരു മാന്യതയും കാണിക്കാതെയാണ് കരീബിയന്‍ ബാറ്റര്‍മാര്‍ അടിച്ചൊതുക്കുന്നത്. നിലവില്‍ അഞ്ച് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും നേടാതെ 45 റണ്‍സാണ് വഴങ്ങിയിരിക്കുന്നത്.
എന്നാല്‍ ഇതിനേക്കാള്‍ വലിയ പണിയാണ് ഇന്ത്യയ്ക്കും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് ഐ.സി.സി വിധിച്ചിരിക്കുന്നത്.
‘വെസ്റ്റ് ഇന്‍ഡീസിനെതിരായി പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിച്ചിരിക്കുന്നു. ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ഇത് സമ്മതിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഐ.സി.സിയുടെ എലീറ്റ് പാനല്‍ ഓഫ് മാച്ച് റഫറീസിലെ റിച്ചി റിച്ചാര്‍ഡ്‌സനാണ് പിഴ വിധിച്ചിരിക്കുന്നത്.
കളിക്കാര്‍ക്കുള്ള ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, നിശ്ചിത സമയത്ത് പന്തെറിയുന്നതില്‍ പരാജയപ്പെടുന്ന ഓരോ ഓവറിനും കളിക്കാര്‍ക്ക് അവരുടെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ഈടാക്കും,’ ഐ.സി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യയക്ക് പരമ്പര സ്വന്തമാക്കാം.