ഇംഗ്ലണ്ടുകാരൻ സിംബാബ്‌വെയെ കത്തിച്ചു; സ്വന്തമാക്കിയത് കരിയറിലെ ഏറ്റവും വലിയ നേട്ടം
Cricket
ഇംഗ്ലണ്ടുകാരൻ സിംബാബ്‌വെയെ കത്തിച്ചു; സ്വന്തമാക്കിയത് കരിയറിലെ ഏറ്റവും വലിയ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 8:06 am

അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം. സൂപ്പര്‍ സിക്‌സില്‍ നടന്ന മത്സരത്തില്‍ സിബാബ്വെയെ 146 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് തസീം ചൗധരി അലി നടത്തിയത്. 7.5 ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടവും തസീമിനെ തേടിയെത്തിയിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും അഞ്ചാമത്തെ മികച്ച ബൗളിങ് പ്രകടനമാണിത്.

അണ്ടര്‍ 19 ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനങ്ങള്‍

(താരം, ബൗളിങ് പ്രകടനം എന്നീ ക്രമത്തില്‍ )

ലോയ്ഡ് പോപ്പ്-35/8

ജേസണ്‍ റാള്‍സ്റ്റണ്‍-15/7

ജീവന്‍ മെന്‍ഡീസ്-19/7

ട്രെന്റ് ബോള്‍ട്ട്-20/7

തസീം ചൗധരി അലി-29/7

സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് ആണ് നേടിയത്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ചാള്‍സ് വില്യം ജെയിംസ് അലിസണ്‍ 150 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ചാള്‍സിന്റെ ബാറ്റിങ്.

തിയോ വൈലി 70 പന്തില്‍ 61 റണ്‍സ് നേടിയും ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

സിംബാബ്വെ ബൗളിങ് നിരയില്‍ ന്യൂമാന്‍ തകുദ്‌സ്വ ന്യാഹൂരി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 24.5 ഓവറില്‍ 91 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലീഷ് ബൗളിങ്ങില്‍ തസീമിന്റെ ഏഴ് വിക്കറ്റും ചാര്‍ളി ബെര്‍ണാഡിന്റെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് സിംബാബ്വെ ബാറ്റിങ് നിരയെ തകര്‍ത്തത്.

സിംബാബ്വെ ബാറ്റിങ് നിരയില്‍ പനശേ തനുവിങ്ഗാ 61 പന്തില്‍ 38 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല.

Content Highlight: Tazeem Chaudry Ali take 7 wickets in under 19 world cup.