കാഞ്ചീപുരം: തമിഴ്‌നാട്ടില്‍ യുവ മാധ്യമപ്രവര്‍ത്തകനെ വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നു. തമിഴന്‍ ടി.വി റിപ്പോര്‍ട്ടര്‍ ജി.മോസസിനെയാണ് ഗുണ്ടാസംഘം വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നത്.
പ്രദേശത്തെ തടാകത്തിന് അടുത്തുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്ന ഭൂമാഫിയക്കെതിരെ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ചെന്നൈയ്ക്ക് അടുത്ത് കുന്ദ്രത്തൂരിലെ സോമംഗലം നല്ലൂര്‍ സ്വദേശിയാണ് മോസസ്.
ഞായറാഴ്ച രാത്രി 10.30 തോടെയാണ് മോസസിനെതിരെ ആക്രമണം ഉണ്ടായത്. രാത്രിയില്‍ ആരോ വിളിച്ചതിനെ തുടര്‍ന്ന് മോസസ് വീട്ടിന് പുറത്തിറങ്ങുകയായിരുന്നു. തടാകത്തിന് അടുത്ത് എത്തിയ മോസസിന് നേരെ കത്തി കൊണ്ട് ആക്രമണം ഉണ്ടാവുകയായിരുന്നു.
തുടര്‍ന്ന് മോസസ് വീട്ടിലേക്ക് ഒാടിയെങ്കിലും വീടിന് മുന്നിലിട്ട് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് അച്ഛനും സമീപവാസിയും ഓടിയെത്തുകയും മോസസിന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മോസസിന്റെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടായ് എന്ന വെങ്കടേശന്‍ (18), നവമണി (26), വിഘ്‌നേഷ് (19), മനോജ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭൂമാഫിയക്കെതിരെ മോസസും അദ്ദേഹത്തിന്റെ പിതാവും മാധ്യമപ്രവര്‍ത്തകനുമായ ജ്ഞാനരാജ് യേശുദാസനുമാണ് ജനങ്ങളെ സംഘടിപ്പിച്ചതെന്ന ധാരണയിലാണ് ആക്രമണം ഉണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ഷണ്‍മുഖ പ്രിയ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക