Entertainment news
അജ്മല്‍ അമീറിന്റെ മാസ് പൊലീസ് വേഷം; ദീര്‍ഘദര്‍ഷി കേരളത്തിലേക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 17, 03:38 pm
Wednesday, 17th May 2023, 9:08 pm

അജ്മല്‍ അമീര്‍, സത്യരാജ്, വൈ.ജി മഹേന്ദ്രന്‍, ശ്രീമന്‍, ദുഷ്യന്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ദീര്‍ഘദര്‍ഷി. തമിഴ്നാട്ടില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന സിനിമ മെയ് 9ന് കേരളത്തിലെ തിയേറ്ററുകളിലും റീലീസ് ചെയ്യും.

പ്രകടന മികവ് കൊണ്ടും ടെക്‌നിക്കല്‍ മികവുകൊണ്ടും മികച്ച അഭിപ്രായം നേടിയിട്ടുള്ള സിനിമ സുന്ദര്‍ എല്‍ പാണ്ടി, പി ജി മോഹന്‍ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ മാസ്സ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഹരിയുടെ അസോസിയേറ്റ്സ് ആയിരുന്നു ഇരുവരും.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. സംഗീത സംവിധായകന്‍ അനിരൂദിന്റെ സഹായിയായിരുന്ന ബാലസുബ്രഹ്മണ്യം ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തിലെ പോലീസ് കാരന്‍, അണ്ഡം ആടാ എന്നീ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ലക്ഷമണ്‍ ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിനെ ആസ്പദമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ നടന്ന നിരവധി ക്രൈം വാര്‍ത്തകളെ കുറിച്ചും സിനിമയില്‍ സംവിധായകര്‍ സംസാരിക്കുന്നുണ്ട്. ആദിത്യ ഐ.പി.എസ് എന്ന പോലീസ് മേധാവിയുടെ വേഷത്തിലാണ് അജ്മല്‍ അമീര്‍ എത്തുന്നത്.

content highlights: Tamil movie Theerkadarishi  is also releasing in Kerala