ടി-20 ലോകകപ്പിലെ രണ്ടാം മത്സരം ഗയാനയില്‍ തുടരുകയാണ്. ലോകകപ്പിന്റെ സഹ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും പപ്പുവ ന്യൂ ഗിനിയുമാണ് പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പി.എന്‍.ജി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. വെറ്ററന്‍ സൂപ്പര്‍ താരം സെസെ ബൗവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പപ്പുവ ന്യൂ ഗിനി പൊരുതാവുന്ന സ്‌കോറിലെത്തിയത്.
PNG score 136/8 in their innings as the co-hosts West Indies put on a strong bowling display 🔥
43 പന്ത് നേരിട്ട് ഒരു സിക്‌സറും ആറ് ബൗണ്ടറിയുമടക്കം 50 റണ്‍സാണ് താരം നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ പി.എന്‍.ജി താരത്തിന്റെ നാലാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.
മറ്റൊരു പ്രത്യേകത കൂടി സെസെ ബൗവിന്റെ ഈ ഫിഫ്റ്റി നേട്ടത്തിനുണ്ട്. ഒരു ഫുള്‍ മെമ്പര്‍ ടീമിനെതിരെ പപ്പുവ ന്യൂ ഗിനി താരം നേടുന്ന ആദ്യ അര്‍ധ സെഞ്ച്വറിയെന്ന നേട്ടമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ ബൗ നേടിയത്.
സെസെ ബൗവിന് പുറമെ വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോരിഗയുടെയും ക്യാപ്റ്റന്‍ അസദ് വാലയുടെയും ഇന്നിങ്‌സുകളാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
വിന്‍ഡീസിനായി ആന്ദ്രേ റസലും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
137 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ഇന്നിങ്‌സിനെ മഴ മുടക്കിയിരിക്കുകയാണ്. 1.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയില്‍ തുടരവെ മഴയെത്തിയതോടെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ആറ് പന്തില്‍ എട്ട് റണ്‍സുമായി ബ്രാന്‍ഡന്‍ കിങ്ങും മൂന്ന് പന്തില്‍ റണ്ണൊന്നുമെടുക്കാതെ നിക്കോളാസ് പൂരനുമാണ് ക്രീസില്‍.