വിരാടിനേക്കാള്‍ ബാറ്റിങ് ശരാശരി സിറാജിനും അര്‍ഷ്ദീപിനും; നാണംകെട്ട് ഇന്ത്യന്‍ ലെജന്‍ഡ്
T20 world cup
വിരാടിനേക്കാള്‍ ബാറ്റിങ് ശരാശരി സിറാജിനും അര്‍ഷ്ദീപിനും; നാണംകെട്ട് ഇന്ത്യന്‍ ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 11:35 pm

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. നാല് മത്സരത്തില്‍ മൂന്ന് വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കൊരുങ്ങുന്നത്.

ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മൂന്ന് മത്സരങ്ങളും വിജിയച്ചത്. മൂന്ന് മത്സരത്തിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബൗളര്‍മാരായിരുന്നു.

അയര്‍ലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും ജസ്പ്രീത് ബുംറ കളിയിലെ താരമായപ്പോള്‍ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുമായി യു.എസ്.എക്കെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് സിങ്ങാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

 

മൂന്ന് മത്സരത്തിലും ബാറ്റര്‍മാരുടെ ചെറുത്തുനില്‍പും എടുത്ത് പറയയേണ്ടതാണ്. യു.എസ്.എക്കെതിരായ മത്സരത്തില്‍ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറി നേടിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ രക്ഷകനായത്. എന്നാല്‍ 49 പന്തില്‍ പൂര്‍ത്തിയാക്കിയ ഫിഫ്റ്റിക്ക് സെഞ്ച്വറിയോളം വിലയുണ്ടായിരുന്നു.

റിഷബ് പന്ത് അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയെങ്കിലും ലോകകപ്പില്‍ പാടെ നിരശപ്പെടുത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. തന്റെ നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണില്‍ നിന്ന് മാറി ഓപ്പണറുടെ റോളില്‍ കളിക്കേണ്ടി വന്നത് താരത്തിന്റെ പ്രകടനത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഒരു റണ്‍സും പാകിസ്ഥാനെതിരെ നാല് റണ്‍സും നേടി പുറത്തായ വിരാട് യു.എസ്.എക്കെതിരെ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഇത് രണ്ടാം തവണ മാത്രമാണ് വിരാട് ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്. 2024ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഫരീദ് അഹമ്മദ് വിരാടിനെ ആദ്യ പന്തില്‍ മടക്കിയപ്പോള്‍ ന്യൂയോര്‍ക്കില്‍ നേത്രാവല്‍ക്കറും നേട്ടം ആവര്‍ത്തിച്ചു.

ഒരു ഐ.സി.സി ഇവന്റെ വിരാട് ഇതാദ്യമായാണ് ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്. ടി-20 ലോകകപ്പില്‍ ഇതുവരെ പൂജ്യത്തിന് പുറത്താകാതിരുന്ന വിരാടിന്റെ പേരില്‍ ഇപ്പോള്‍ ഗോള്‍ഡന്‍ ഡക്കും കുറിക്കപ്പെട്ടു.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ വിരാട് ഇത് അഞ്ചാം തവണയാണ് ഒറ്റയക്കത്തിന് പുറത്താകുന്നത്. മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ 24 ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രം ഒറ്റയക്കത്തിന് മടങ്ങിയ വിരാട് ഓപ്പണിങ്ങില്‍ ഇറങ്ങിയ നാലില്‍ നാല് മത്സരത്തിലും ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ഇതില്‍ മൂന്നും പിറന്നതാകട്ടെ 2024 ടി-20 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും.

ഇതോടെ ഈ ലോകകപ്പില്‍ താരത്തിന്റെ ബാറ്റിങ് ശരാശരിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അര്‍ഷ്ദീസ് സിങ്, മുഹമ്മദ് സിറാജ് എന്നിവരെക്കാളും മോശം ബാറ്റിങ് ശരാശരിയാണ് വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

2024 ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് ശരാശരി

റിഷബ് പന്ത് – 48.00

രോഹിത് ശര്‍മ – 34.00

ശിവം ദുബെ – 34.00

സൂര്യകുമാര്‍ യാദവ് – 29.50

അക്‌സര്‍ പട്ടേല്‍ – 20.00

അര്‍ഷ്ദീപ് സിങ് – 9.00

മുഹമ്മദ് സിറാജ് – 7.00

ഹര്‍ദിക് പാണ്ഡ്യ – 7.00

വിരാട് കോഹ്‌ലി – 1.66

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരാജയമാണെങ്കിലും വരും മത്സരങ്ങളില്‍ വിരാട് കോഹ്‌ലി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: T20 World Cup 2024: Virat Kohli’s poor bating performance in T20 World Cup