അമേരിക്കയുടെ കളിയില്ല; പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്ത്
T20 world cup
അമേരിക്കയുടെ കളിയില്ല; പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 11:20 pm

 

2024 ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ പാകിസ്ഥാന്‍ പുറത്ത്. അമേരിക്ക – അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ അവസാസാനിച്ചത്.

മത്സരം ഉപേക്ഷിച്ചതോടെ അമേരിക്ക സൂപ്പര്‍ 8ന് യോഗ്യത നേടി. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നും മുന്നോട്ട് കുതിക്കുന്ന രണ്ടാമത് ടീമനാകാനും യു.എസ്.എക്കായി. ഇന്ത്യയാണ് ഗ്രൂപ്പ് എയില്‍ നിന്നും ആദ്യം സൂപ്പര്‍ 8ലെത്തിയത്.

ഈ മത്സരം മഴമുടക്കിയതോടെ നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി അഞ്ച് പോയിന്റാണ് യു.എസ്.എക്കുള്ളത്.

ഈ മത്സരത്തില്‍ അയര്‍ലന്‍ഡ് അമേരിക്കയെ തോല്‍പിക്കുകയും ജൂണ്‍ 16ന് നടക്കുന്ന അയര്‍ലന്‍ഡ് – പാകിസ്ഥാന്‍ മത്സരത്തില്‍ ബാബറും സംഘവും വിജയിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന് സൂപ്പര്‍ 8ന് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അമേരിക്ക – അയര്‍ലന്‍ഡ് മത്സരം മഴയെടുത്തതോടെ പാകിസ്ഥാന്റെ അവസാന സാധ്യതയും അടഞ്ഞു.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് നിലവില്‍ പാകിസ്ഥാനുള്ളത്.

ആദ്യ മത്സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ യു.എസ്.എക്കെതിരെ ഞെട്ടിക്കുന്ന പരാജയമാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. സൂപ്പര്‍ ഓവറിലായിരുന്നു ബാബറും സംഘവും പരാജയം സമ്മതിച്ചത്. ഇന്ത്യക്കെതിരെ നടന്ന രണ്ടാം മത്സരത്തിലാകട്ടെ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് ടീം പരാജയത്തിലേക്ക് വഴുതി വീണത്.

കാനഡക്കെതിരായ മൂന്നാം മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് ഇതുവരെ വിജയിക്കാന്‍ സാധിച്ചത്. ബാറ്റിങ് ദുഷ്‌കരമായ നാസൗ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചില്‍ ഏറെ വിയര്‍ത്താണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന യു.എസ്.എയെ സംബന്ധിച്ച് ഇത് ചരിത്ര നേട്ടമാണ്. അതേസമയം, ഇതാദ്യമായാണ് ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.

നിരവധി അട്ടമറികള്‍ കണ്ട ലോകകപ്പാണ് 2024ലേത്. പാകിസ്ഥാന് പുറമെ ശ്രീലങ്ക, ന്യൂസിലാന്‍ഡ് തുടങ്ങിയ വമ്പന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ 8 സാധ്യതയും ത്രിശങ്കുവിലാണ്.

ഇനി മുമ്പോട്ട് കുതിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ അവസാന മത്സരത്തില്‍ വിജയിച്ച് മുഖം രക്ഷിക്കാനാകും പാകിസ്ഥാന്‍ ശ്രമിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന അയര്‍ലന്‍ഡും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

ജൂണ്‍ 16നാണ് പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ നേരിടുന്നത്. സെന്‍ട്രല്‍ ബ്രാവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.

 

 

 

Content highlight: T20 World Cup 2024: USA vs Ireland match abandoned due to rain, Pakistan eliminated from World Cup