മഴയില്‍ മുറിവേറ്റ് ഇന്ത്യ; ചരിത്ര നേട്ടത്തിന് ഇനിയും കാത്തിരിക്കണം, ആ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ വേണ്ടത്...
T20 world cup
മഴയില്‍ മുറിവേറ്റ് ഇന്ത്യ; ചരിത്ര നേട്ടത്തിന് ഇനിയും കാത്തിരിക്കണം, ആ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ വേണ്ടത്...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 10:24 pm

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ഫ്‌ളോറിഡയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന കാനഡക്കെതിരായ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം ഇതേ ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന യു.എസ്.എ – അയര്‍ലന്‍ഡ് മത്സരവും ഔട്ട് ഫീല്‍ഡിലെ ഈര്‍പ്പം കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെയാണ്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റോടെ അപരാജിതരായാണ് ഇന്ത്യ സൂപ്പര്‍ 8ന് ഒരുങ്ങുന്നത്.

 

എന്നാല്‍ കാനഡക്കെതിരായ മത്സരം നടക്കുകയും അതില്‍ രോഹിത്തിനും സംഘത്തിനും വിജയിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരു ചരിത്ര നേട്ടം ഇന്ത്യയെ തേടിയെത്തുമായിരുന്നു. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യക്ക് കയ്യകലത്ത് നിന്നും നഷ്ടമായത്.

ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് ഒന്നാമതുള്ളത്. ശ്രീലങ്കയെക്കാള്‍ ഒരു വിജയം മാത്രം കുറവുള്ള ഇന്ത്യക്ക് കാനഡയെ തോല്‍പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ റെക്കോഡ് നേട്ടത്തില്‍ ലങ്കക്ക് ഒപ്പമെത്താന്‍ സാധിക്കുമായിരുന്നു.

 

ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ടീം

(ടീം – വിജയം എന്നീ ക്രമത്തില്‍)

ശ്രീലങ്ക – 32

ഇന്ത്യ – 31

പാകിസ്ഥാന്‍ – 29

ഓസ്ട്രേലിയ – 28

സൗത്ത് ആഫ്രിക്ക – 28

എന്നാല്‍ സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇത്തവണ ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ ലങ്കയെ മറികടന്ന് ഒന്നാം സ്ഥാനം ഒറ്റയ്ക്ക് നേടാനും ഇന്ത്യക്ക് സാധിച്ചേക്കും. രണ്ട് വിജയം മാത്രമാണ് അതിനാവശ്യമുള്ളത്.

മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ 8ല്‍ ഇന്ത്യ കളിക്കുക. ജൂണ്‍ 20നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. രണ്ടാം മത്സരത്തിനുള്ള എതിരാളികള്‍ ആരെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മൂന്നാം മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയിറങ്ങുക.

സൂപ്പര്‍ 8ലെ ഇന്ത്യയുടെ മത്സരങ്ങള്‍

(ദിവസം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)

ജൂണ്‍ 20 vs അഫ്ഗാനിസ്ഥാന്‍ – കെന്‍സിങ്ടണ്‍ ഓവല്‍.

ജൂണ്‍ 22 vs TBD സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം.

ജൂണ്‍ 24 vs ഓസ്‌ട്രേലിയ – ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

 

Content Highlight: T20 World Cup 2024: India failed to achieve historic feat after IND vs CAN match was abandoned