T20 world cup
205*, നാണക്കേടിന്റെ ഡബിള്‍ സെഞ്ച്വറി; ടി-20 ലോകകപ്പില്‍ ഈ മോശം നേട്ടം ഇവന് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 11, 05:44 pm
Tuesday, 11th June 2024, 11:14 pm

2024 ടി-20 ലോകകപ്പിലെ 22ാം മത്സരത്തില്‍ പാകിസ്ഥാന്‍ കാനഡയെ നേരിടുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ഫില്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അസോസിയേറ്റ് ടീമിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ ഓവറില്‍ ഷഹീന്‍ ഷാ അഫ്രിദിയെ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറി കടത്തിയ കനേഡിയന്‍ നിരയെ അധികം വൈകാതെ പാക് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയില്‍ കാനഡ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഓപ്പണര്‍ ആരോണ്‍ ജോണ്‍സണിന്റെ അര്‍ധ സെഞ്ച്വറിയാണ് കാനഡയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 44 പന്തില്‍ 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.

14 പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ കലീം സനയാണ് കനേഡിയന്‍ നിരയിലെ രണ്ടാമത് മികച്ച സ്‌കോറര്‍.

പാകിസ്ഥാനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷഹീന്‍ അഫ്രിദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനായി സയിം അയ്യൂബാണ് മുഹമ്മദ് റിസ്വാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഈ കൂട്ടുകെട്ടിന് ഒരു തരത്തിലുള്ള മാജിക്കും കാണിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി.

12 പന്തില്‍ ആറ് റണ്‍സ് നേടിയ അയ്യൂബിന്റെ വിക്കറ്റാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഡിലണ്‍ ഹെയ്‌ലിഗര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ശ്രേയസ് മൊവ്വക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് കളത്തിലിറങ്ങിയത്.

ആദ്യ ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. 20 പന്തില്‍ 16 റണ്‍സുമായി റിസ്വാനും നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ ബാബര്‍ അസവുമായിരുന്നു ക്രീസില്‍.

ഇതിന് പിന്നാലെ ഒരു മോശം നേട്ടവും താരത്തെ തേടിയെത്തി. ടി-20 ലോകകപ്പിലെ ആദ്യ ആറ് ഓവറുകളില്‍ ഒറ്റ സിക്‌സര്‍ പോലും നേടാതെ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരമെന്ന മോശം നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. 205 പന്തുകളാണ് ആദ്യ ആറ് ഓവറുകളിലായി സിക്‌സറടിക്കാതെ നേരിട്ടത്. സിംബാബ്‌വന്‍ താരം വുസി സിബാന്ദയാണ് രണ്ടാം സ്ഥാനത്തുള്ളത്. 111 പന്തുകളാണ് സിബാന്ദ ഇത്തരത്തില്‍ നേരിട്ടത്.

ടി-20 ലോകകപ്പില്‍ ആദ്യ ആറ് ഓവറില്‍ സിക്‌സര്‍ നേടാതെ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരം

(താരം – ടീം – പന്ത് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 205*

വുസി സിബാന്ദ – സിംബാബ്‌വേ – 111

ക്രെയ്ഗ് ഇര്‍വിന്‍ – സിംബാബ്‌വേ – 97

ഡെവോണ്‍ കോണ്‍വേ – ന്യൂസിലാന്‍ഡ് – 87

അതേസമയം, മത്സരത്തില്‍ ബാബര്‍ അസം 33 പന്തില്‍ 33 റണ്‍സ് നേടി പുറത്തായി. ഒരു ഫോറും ഒരു സിക്‌സറും അടക്കം 100.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പാക് നായകന്‍ സ്‌കോര്‍ ചെയ്തത്.

 

Content Highlight: T20 World Cup 2024: Babar Azam with a poor record