മമ്മൂക്കക്ക് തന്നെ ഈ സിനിമ പിടികിട്ടിയോ എന്നറിയില്ല: സുരേഷ് ബാബു
Film News
മമ്മൂക്കക്ക് തന്നെ ഈ സിനിമ പിടികിട്ടിയോ എന്നറിയില്ല: സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 7:52 pm

നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തില്‍ അഭിനയിച്ച വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ടി. സുരേഷ് ബാബു. പ്രതീക്ഷിക്കാത്ത ചലനം ചിത്രത്തിനുണ്ടാക്കാന്‍ പറ്റിയിട്ടുണ്ടെന്നും അത് സംവിധായകന്റെ മിടുക്കാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ട് ചെയ്യുമ്പോള്‍ സീരിയസായ സിനിമ ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാല്‍ തിയേറ്ററില്‍ ആളുകള്‍ ചിരിക്കുന്നത് കണ്ടപ്പോഴാണ് സിനിമയില്‍ ഇത്രയും ഹ്യൂമറുണ്ടായിരുന്നോ എന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തിലാണ് നന്‍പകലിനെ കുറിച്ച് സുരേഷ് ബാബു സംസാരിച്ചത്. ‘ഞാന്‍ ഐ.എഫ്.എഫ്.കെയില്‍ വെച്ചാണ് ഈ സിനിമ ആദ്യമായി കാണുന്നത്. എനിക്ക് എന്നോടുള്ള സ്‌നേഹം കൊണ്ടായിരിക്കും, ഞാന്‍ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. നമ്മളാരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചലനം ആ സിനിമക്കുണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. അത് സംവിധായകന്റെ മിടുക്ക് തന്നെയാണ്. പ്രത്യേകിച്ചും സിനിമ സംവിധായകന്റെ പൂര്‍ണമായ കലയാണ്. അയാളുടെ മനസ് തന്നെയാണ് അതില്‍ കിടക്കുന്നത്.

‘മമ്മൂക്കക്ക് തന്നെ സിനിമ പൂര്‍ണമായും അറിയുമോ എന്നറിയില്ല. നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസം അതാണ്. നാടകം സംവിധായകന്റെ വ്യാഖ്യാനങ്ങളിലൂടെയാണ് പോകുന്നതെങ്കിലും നടനാണ് കൂടുതല്‍ പ്രാധാന്യം. നടന്‍ വിളമ്പുന്നതാണ് കാണികള്‍ കഴിക്കുന്നത്. ഇത് അങ്ങനെയല്ല. സംവിധായകന്റെ മനസിലാണ് ഇത് ഫുള്ളായിട്ടുള്ളത്. ആളുകളൊക്കെ ചിരിക്കുന്നത് കണ്ടപ്പോള്‍ ഇത്രയും വലിയ ഹ്യൂമറൊക്കെ ഇതിലുണ്ടായിരുന്നോ എന്ന് ചിന്തിച്ചത്. ഷൂട്ടിനിടക്ക് ഇത് ഭയങ്കര സീരിയസായ പടമാണെന്നാണ് വിചാരിച്ചത്,’ സുരേഷ് ബാബു പറഞ്ഞു.

നേരത്തെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലെ അമ്മായി അച്ചന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ സുരേഷ് ബാബു നന്‍പകലില്‍ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസിന്റെ അമ്മായി അച്ചനായാണ് എത്തിയത്. ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. മമ്മൂട്ടി കമ്പനിയും ലിജോയുടെ ആമേന്‍ മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: t suresh babu talks about nanpakal nerathu mayakkam