കോഴിക്കോട്: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ താഴെയിറക്കിയിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമത എം.എല്‍.എമാര്‍. മഹാവികാസ് അഘാഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഏക്നാഥ് ഷിന്‍ഡെയും അദ്ദേഹത്തിനൊപ്പമുള്ള മറ്റ് എം.എല്‍.എമാരും ആദ്യം അസമിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് ഗോവയിലേക്ക് പോയിരുന്നു.
ഉദ്ധവ് താക്കറെ സര്‍ക്കാറിന്റെ രാജിയെ തുടര്‍ന്ന് വിമത എം.എല്‍.എമാര്‍ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ധീഖ്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മുകളില്‍ കയറിയുള്ള ഈ ആഭാസ നൃത്തം കാണുമ്പോള്‍ ലജ്ജിച്ച് തല താഴ്ത്താതെ വയ്യ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് ടി. സിദ്ധീഖ് ഫേസ്ബുക്കില്‍ എഴുതിയത്.
‘ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങി വിജയിച്ച് വന്നിട്ട് ബി.ജെ.പിയുടെ പണത്തിനും അധികാരത്തിനും ഭീഷണിക്കും മുന്നില്‍ കീഴടങ്ങി ഒളിച്ചോടി പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തുക. ഒടുവില്‍ സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എം.എല്‍.എമാര്‍ ദാ ഇങ്ങനെ ഡാന്‍സ് കളിക്കുക..! ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മുകളില്‍ കയറിയുള്ള ഈ ആഭാസ നൃത്തം കാണുമ്പോള്‍ ലജ്ജിച്ച് തല താഴ്ത്താതെ വയ്യ.. ഇതായിരുന്നില്ല എന്റെ ഇന്ത്യ എന്ന് മാത്രം പറയുന്നു,’ എന്നാണ് ടി. സിദ്ധീഖ് ഫേസ്ബുക്കില്‍ എഴുതിയത്.