വിഭാഗീയതയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടി. ശശിധരന്‍ വീണ്ടും സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍
തൃശൂര്‍: വിഭാഗീയതയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെ വീണ്ടും സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
ഇന്ന് അവസാനിച്ച തൃശൂര്‍ ജില്ല സമ്മേളനത്തിലാണ് തീരുമാനം. നീണ്ട ഇടവേളക്ക് ശേഷമാണ് ടി. ശശിധരനെ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഭാഗീയതയുടെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി. ശശിധരനെ സംസ്ഥാന സമിതിയില്‍ നിന്ന് തരം താഴ്ത്തിയിരുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശശിധരന്‍ സി.പി.ഐ.എം ജില്ല കമ്മറ്റിയില്‍ തിരികെയെത്തുന്നത്. 2006ലെ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ. ചന്ദ്രന്റെ പരാജയത്തിന് കാരണകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയാണ് 2007ല്‍ ടി. ശശിധരനെ സംസ്ഥാന സമിതിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
സി.പി.ഐ.എമ്മിലെ വിഭാഗീയതയുടെ കാലത്ത് വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന ടി. ശശിധരന്‍ സംസ്ഥാനത്തെ മികച്ച പ്രാസംഗികരില്‍ ഒരാളായിരുന്നു. വിഭാഗീയതയുടെ പേരില്‍ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ട ടി. ശശിധരന്‍ പാര്‍ട്ടിവേദികളില്‍ നിന്ന് പോലും അകന്നു നിന്നിരുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടി. ശശിധരനെ അന്നമനട ബ്രാഞ്ച് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
അതേ സമയം ഇന്ന് അവസാനിക്കുന്ന സമ്മേളനം എം.എം. വര്‍ഗ്ഗീസിനെ വീണ്ടും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു.
44 അംഗ തൃശൂര്‍ ജില്ല കമ്മറ്റിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരിയെ ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുകയും പകരം അദ്ദേഹത്തിന്റെ സഹോദരന്‍ എം. ബാലാജിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവ് സുരേഷ്ബാബുവിന്റെ കൊലപാതകത്തില്‍ ശിക്ഷയില്‍ കഴിയുന്ന എം.ബാലാജി ഇപ്പോള്‍ പരോളിലാണ്.
അതേസമയം, സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് എം.എം വര്‍ഗീസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.