Entertainment
എന്നെ സിനിമാ മോഹിയാക്കിയത് ആ നടന്‍; അദ്ദേഹത്തിന്റെ അഭിനയം കണ്ടാല്‍ കിക്കാകും: ആസിഫ് അലി

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.

അഭിനയത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. താന്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന്‍ കാരണമാണെന്നും തന്റെ പിതാവ് വലിയൊരു സിനിമ പ്രേമിയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.

ചെറുപ്പം മുതല്‍ താന്‍ മോഹന്‍ലാല്‍ ആരാധകനായിരുന്നുവെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം വന്നത് കമല്‍ ഹാസന്റെ സിനിമകള്‍ കണ്ടതിന് ശേഷമാണെന്നും ആസിഫ് അലി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സിനിമയിലേക്ക് എത്തുന്നത് തന്നെ എന്റെ അച്ഛന്‍ കാരണമാണ്. അച്ഛന്‍ വലിയൊരു സിനിമ പ്രേമിയായിരുന്നു. ഏത് സിനിമ റിലീസായാലും ഞങ്ങള്‍ കുടുംബ സമേതം കാണുമായിരുന്നു. കുട്ടികാലത്തെല്ലാം ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു. മോഹന്‍ലാലിന്റെ ഫാനായിരുന്നു ഞാന്‍. കമല്‍ ഹാസന്റെ സിനിമകളും ഞാന്‍ കാണുമായിരുന്നു.

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നടനാകണം എന്ന് എനിക്ക് ആഗ്രഹം വന്നതുതന്നെ കമല്‍ ഹാസനെ കണ്ടതുകൊണ്ടാണ്

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നടനാകണം എന്ന് എനിക്ക് ആഗ്രഹം വന്നതുതന്നെ കമല്‍ ഹാസനെ കണ്ടതുകൊണ്ടാണ്. അദ്ദേഹം ഓരോ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതും അവക്ക് ജീവന്‍ കൊടുക്കുന്നതുമെല്ലാം കാണുമ്പോള്‍ എനിക്ക് കിക്കാകും. എനിക്കും അദ്ദേഹത്തെപ്പോലെ ഒരുപാട് വ്യക്തിത്വങ്ങളിലൂടെ ജീവിക്കണമായിരുന്നു.

കമല്‍ ഹാസന്റെ ഓരോ സിനിമയും എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും ഒരു സിനിമയില്‍ കണ്ട കമല്‍ ഹാസനെ നിങ്ങള്‍ക്ക് അടുത്ത സിനിമയില്‍ കാണാന്‍ കഴിയില്ലെന്ന്. അതൊക്കെ കണ്ടപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയി. എനിക്കും അതെല്ലാം ചെയ്യണമെന്ന് തോന്നി. പിന്നെ എന്തായാലും എനിക്കൊരു സൂപ്പര്‍സ്റ്റാര്‍ ഇമേജും ഫാന്‍ ബേസും എല്ലാം വേണമെന്നും ആഗ്രഹമുണ്ടായിരുന്നു.

അദ്ദേഹം ഓരോ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതും അവക്ക് ജീവന്‍ കൊടുക്കുന്നതുമെല്ലാം കാണുമ്പോള്‍ എനിക്ക് കിക്കാകും

എന്നാല്‍ ഞാന്‍ എന്റെ ആദ്യത്തെ സിനിമയായ ഋതു ചെയ്തപ്പോള്‍ സംവിധായകന്‍ ശ്യാമപ്രസാദ് എന്റെ മൊത്തത്തിലുള്ള ആറ്റിട്യൂടും മാറ്റിക്കളഞ്ഞു. അദ്ദേഹം എനിക്ക് സിനിമയുടെ മറ്റുതലങ്ങള്‍ കാണിച്ച് തന്നു. വ്യത്യസ്തമായ രീതിയിലൂടെ സിനിമയില്‍ നിന്ന് സംതൃപ്തി നേടാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു,’ ആസിഫ് അലി പറയുന്നു.

Content highlight: Asif Ali Talks About Kamal Haasan