മുട്ടത്ത് വര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥയില്‍ ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി എത്തിയ ചിത്രത്തില്‍ രഞ്ജിനി, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1990ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു.
സിനിമ ആദ്യം കണ്ട നിര്‍മാതാവ് മണി ചിത്രം ഒരാഴ്ചയില്‍ കൂടുതല്‍ ഓടില്ലെന്ന് പറഞ്ഞെന്ന് സംവിധായകന്‍ ടി.എസ് സുരേഷ്ബാബു പറയുന്നു. ഇതറിഞ്ഞ മമ്മൂട്ടി വിഷമിക്കേണ്ടെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരന്‍ ഡെന്നീസ് വിളിച്ചിട്ട് സിനിമ കാണാന്‍ സംവിധായകരായ ഹരിഹരനും തമ്പി കണ്ണന്താനവും രതീഷും വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ മോശം പറഞ്ഞാലോ എന്നോര്‍ത്ത് താന്‍ വിഷമിച്ചെന്നും സുരേഷ്ബാബു പറയുന്നു.
എന്നാല്‍ സിനിമ കണ്ട ആ മൂന്ന് പേര്‍ തന്നെ കെട്ടിപിടിച്ച് ഉമ്മ തന്നെന്നും സിനിമ സൂപ്പര്‍ഹിറ്റും ട്രെന്‍ഡ് സെറ്ററും ആകുമെന്ന് പറഞ്ഞെന്നും സുരേഷ്ബാബു കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണി സാര്‍ സിനിമ കണ്ടിട്ട് പറഞ്ഞു ഈ പടം എനിക്ക് ഒട്ടും ഇഷ്ടപെട്ടിട്ടില്ലെന്ന്. ഈ സിനിമ ഒരാഴ്ചയില്‍ കൂടുതല്‍ പോകില്ല. അരോമയുടേതായതുകൊണ്ട് ചിലപ്പോള്‍ രണ്ടാഴ്ചപോകും. മണി സാര്‍ നേരെ മമ്മൂക്കയെ വിളിച്ചും തനിക്ക് ഈ പടം തീരെ ഇഷ്ടപെട്ടില്ലെന്ന് പറഞ്ഞു. ഉടനെ മമ്മൂക്ക രാത്രി എന്നെ വിളിച്ചിട്ട് വിഷമിക്കണ്ട, എന്തെങ്കിലും പറ്റി കഴിഞ്ഞാല്‍ നമുക്ക് വേറൊരു സിനിമ ചെയ്യാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ഡെന്നീസ് എന്നെ വിളിച്ചിട്ട് നാളെ തമ്പി കണ്ണന്താനവും ഹരിഹരന്‍ സാറും രതീഷ് ചേട്ടനും അവര്‍ മൂന്ന് പേര് സിനിമ കാണാന്‍ വരുന്നുണ്ടെന്ന് പറഞ്ഞു. എന്റെ പൊന്നു ഡെന്നീസെ, മണി സാര്‍ തന്നെ സിനിമ കണ്ടിട്ട് കൊള്ളില്ലെന്നാണ് പറഞ്ഞത് എന്ന് ഞാന്‍ അവനോട് പറഞ്ഞു. ഏറ്റവും വലിയ സംവിധായകന്‍ ഹരിഹരന്‍ സാര്‍, അന്നത്തെ ഹിറ്റ് ഫിലിം മേക്കര്‍ തമ്പി കണ്ണന്താനം, രതീഷ് കുഴപ്പമില്ല, അവന്‍ നമ്മുടെ ആളാ. ഇവര്‍ വന്ന് കണ്ടിട്ട് എന്ത് പറയും എന്നായിരുന്നു ഞാന്‍ ആലോചിച്ചത്.
ഒരു മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ഹോട്ടല്‍ മുറിയിലെ വാതില്‍ ആരോ മുട്ടുന്നു. ഞാന്‍ തുറന്ന് നോക്കിയപ്പോള്‍ ഹരിഹരന്‍ സാറും തമ്പി സാറും രതീഷും ഇവര്‍ വന്ന് എന്നെ കെട്ടിപിടിച്ച് ഉമ്മ തന്നിട്ട് പറഞ്ഞു പടം സൂപ്പര്‍ ഹിറ്റാകുമെന്ന്. തമ്പി കണ്ണന്താനം പറഞ്ഞു ഈ ചിത്രം ഇവിടുത്തെ ട്രെന്‍ഡ് സ്റ്റാര്‍ ആകുമെന്ന്,’ ടി.എസ് സുരേഷ്ബാബു പറയുന്നു.
Content Highlight: T.S Suresh Babu Talks About Kottayam Kunjachan Movie