ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ചും ദളിതനുഭവങ്ങളെക്കുറിച്ചും വൈജ്ഞാനികാന്വേഷണങ്ങൾ നടത്തി, ചരിത്രത്തെ ജനാധിപത്യവത്കരിക്കാൻ ശ്രമിച്ച ചരിത്രകാരൻ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു.
1928 ജൂലായ് 14-ന് തിരുവല്ലയിലാണ് അദ്ദേഹം ജനിച്ചത്. എസ്.ബി. കോളേജ്, ഇവാനിയോസ് കോളേജ്, എം.ജി. കോളേജ് എന്നിവിടങ്ങളിലായിരുന്നു ചെന്താരശ്ശേരിയുടെ ഉന്നതവിദ്യാദ്യാസം. ഏജീസ് ഓഫീസിൽ ദീർഘകാലം ജോലിചെയ്തു. ഇക്കാലത്താണ് അദ്ദേഹം ചരിത്രരചനയിലേക്ക് തിരിയുന്നത്. ഇന്റർനാഷണൽ ലിറ്റററി അവാർഡ്, അബുദാബി, കേരള സർവകലാശാലയുടെ എ. ശ്രീധരമേനോൻ കേരളശ്രീ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞതൊക്കെ ടി.എച്ച്.പി. ചെന്താരശ്ശേരിയെന്ന വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണ്. എന്നാൽ, അത്രമാത്രമല്ല അദ്ദേഹം. നമ്മുടെ ചരിത്രരചനയെ ജനാധിപത്യവത്കരിക്കാൻ ശ്രമിക്കുകയെന്ന എക്കാലത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനം ഏറ്റവും ജാഗ്രതയോടെ നിറവേറ്റിയ ചുരുക്കം ചിലരിൽ പ്രധാനിയാണ് അദ്ദേഹം.
ഒഴിഞ്ഞിടങ്ങളുണ്ടെന്ന് വിമർശിക്കുക മാത്രമല്ല കൃത്യമായ വൈജ്ഞാനികാന്വേഷണങ്ങളിലൂടെ അവയെ പൂരിപ്പിക്കുകകൂടി അദ്ദേഹം ചെയ്തു. മുഖ്യധാരയുടെ ചരിത്രരചനാശീലങ്ങളിൽ വേറിട്ട് നിന്നായിരുന്നു അതദ്ദേഹം സാധ്യമാക്കിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും ചരിത്രത്തെപ്പറ്റി അറിഞ്ഞ കാര്യങ്ങളെല്ലാം പൂർണമായും സത്യസന്ധമായിരുന്നില്ല എന്ന തിരിച്ചറിവ് അലട്ടാൻ തുടങ്ങിയതോടെയാണ് ചരിത്ര ഗവേഷണ രംഗത്തേക്കിറങ്ങിയതെന്ന് ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതുന്നുണ്ട്.
1979-ൽ ടി.എച്ച്.പി. ചെന്താരശ്ശേരി പ്രസിദ്ധീകരിച്ച “അയ്യൻകാളി” എന്ന ജീവചരിത്രഗ്രന്ഥത്തിന് ചരിത്രത്തിൽ നിർണായകസ്ഥാനമുണ്ട്. കേരളചരിത്രത്തിലെ വലിയൊരു വിടവ് അടച്ചത് ഈ ഗ്രന്ഥമാണ്. ചെന്താരശ്ശേരിയുടെ മറ്റൊരു പുസ്തകത്തിന്റെ ശീർഷകംപോലെ കേരളചരിത്രത്തിന്റെ ഗതിമാറ്റിയ ഗ്രന്ഥമാണത്. അയ്യൻകാളി ആരായിരുന്നുവെന്ന് ഈ പുസ്തകം നമ്മോട് പറഞ്ഞു. ആദ്യ അധ്യായത്തിന് അദ്ദേഹം നൽകിയ ശീർഷകം “അയ്യങ്കാളിയുടെ രംഗപ്രവേശം-ചരിത്രത്തിന്റെ ഒരാവശ്യം” എന്നാണ്. ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാവനയായി ഇതിനെ മനസ്സിലാക്കാം.
പുസ്തകത്തിന്റെ പ്രസിദ്ധീകരണശേഷമാണ് അയ്യൻകാളിയെന്ന സാമൂഹിക പരിഷ്കർത്താവിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ/ആലോചനകൾ നമ്മുടെ അക്കാദമിക് മേഖലയിലടക്കം സജീവമായത്.
അയ്യൻകാളിയുടെ രണ്ടാം വരവ് ഈ പുസ്തകത്തിലൂടെയാണ് സാധ്യമായതെന്ന് പറയാം. അയ്യൻകാളിയുടെ ജനനം മുതൽ സാമൂഹ്യസേവന രംഗത്തേക്കുള്ള വരവ്, സ്കൂൾ പ്രവേശന സംരംഭം, സാധുജനപരിപാലന സംഘം, സ്കൂൾ പ്രവേശനം, പ്രജാസഭാ മെമ്പർ, നാരായണഗുരുവുമായുള്ള കൂടിക്കാഴ്ച, പ്രജാസഭാ പ്രവർത്തനങ്ങൾ, കേരളചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി സമരവും സാമൂഹ്യവിപ്ലവവും, സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങൾ, മലബാറിൽ, ക്ഷേത്രപ്രവേശന വിളംബരം, അയ്യങ്കാളിയും മഹാത്മാഗാന്ധിയും തുടങ്ങി അയ്യൻകാളിയെന്ന ജനാധിപത്യകേരളത്തെ രൂപപ്പെടുത്താൻ സൂക്ഷ്മമായി ഇടപെട്ട ധീരവ്യക്തിത്വത്തെ ഈ പുസ്തകത്തിലൂടെ അദ്ദേഹം ചരിത്രത്തിൽ സ്ഥാനപ്പെടുത്തി. സമാനതകളില്ലാത്ത പ്രവൃത്തിയാണിത്.
പുസ്തകത്തിന്റെ ആമുഖത്തിൽ ചെന്താരശ്ശേരി ഇങ്ങനെ പറയുന്നു:-
“നവോത്ഥാനപ്രക്രിയയിൽ നടുനായകത്വം വഹിച്ച അയ്യൻകാളി ജീവിച്ചിരുന്ന കാലഘട്ടത്തിൽ, കേരളത്തിലെ അയിത്തവർഗക്കാരുടെ ബഹുമുഖങ്ങളായ സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി വീരസമരങ്ങൾ നടത്തിയ വെള്ളിക്കര ചോതി, പൊയ്കയിൽ യോഹന്നാൻ (കുമാരഗുരു), കുറുമ്പൻ ദൈവത്താൻ, കണ്ടൻ കുമാരൻ, ടി.വി. തേവർസ്വാമി മുതലായ അനേകം വീരയോദ്ധാക്കളുടെ ജീവചരിത്രങ്ങളുമായി അയ്യങ്കാളിയുടെ ജീവചരിത്രവും കെട്ടുപിണഞ്ഞ് കിടക്കുകയാണ്. അക്കാലത്തെ വിമോചന പ്രസ്ഥാനങ്ങളിലെല്ലാം തലയെടുപ്പുള്ള വ്യക്തിയായി അദ്ദേഹം വിരാജിച്ചിരുന്നു എന്നുള്ളതാണ് അതിനു കാരണം. ആ മഹാന്മാരുടെയെല്ലാം ജീവചരിത്രങ്ങളും വിരചിതമായാൽ മാത്രമേ അയ്യങ്കാളിയുടെ ജീവചരിത്രത്തിനും പൂർണത ലഭിക്കുകയുള്ളൂ.”
1979-ലാണ് ഇതെഴുതുന്നത്. നമ്മുടെ ചരിത്രാന്വേഷണങ്ങൾ കേട്ടിട്ടില്ലാത്ത/അവഗണിച്ച നവോത്ഥാന പ്രവർത്തകരെയാണ് അദ്ദേഹം ഈ ആമുഖത്തിൽ പരാമർശിക്കുന്നത്. മാത്രമല്ല, പിന്നീട് ഇവരിൽ മിക്കവരെപ്പറ്റിയും അദ്ദേഹം വിശദമായി എഴുതുകയും ചരിത്രത്തിൽ സ്ഥാനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വലിയൊരു രാഷ്ട്രീയപ്രവർത്തനമാണിത്.
ആദ്യ ജീവചരിത്രത്തിനു പുറമേ അയ്യൻകാളിയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതി. അയ്യൻകാളിയുടെ പലകാലങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി.
“കേരളത്തിലെ നവോത്ഥാന നായകന്മാർ” എന്ന ഗ്രന്ഥത്തിലൂടെ കുറുമ്പൻ ദൈവത്താൻ, വെള്ളിക്കര ചോതി, തൈക്കാട്ടു അയ്യാസാമി, റ്റി.റ്റി. കേശവൻ ശാസ്ത്രി, നലംതികൾ നാരായണ ദാസർ, കെ.വി. പത്രോസ് എന്നിവരുടെ ജീവചരിത്രങ്ങൾ അദ്ദേഹം എഴുതി.
മലയാളിയുടെ അക്കാദമികാന്വേഷണങ്ങളിൽ ഇവരെയൊന്നും കാര്യമായി പരിഗണിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, ഇനിമുതൽ ഈ മേഖല കൂടി പരാമർശിക്കാത്ത പഠനന്വേഷണങ്ങൾ പൂർത്തിയാകില്ലെന്ന് നിസ്സംശയം പറയാം. “മനുഷ്യാവകാശ ധ്വംസനങ്ങളുടെ നടുവിൽ തലയുയർത്തി നിന്നുകൊണ്ട് സ്വസമുദായത്തെ സ്വാതന്ത്ര്യങ്ങളുടെ പാതകളിൽ എത്തിക്കുവാനും ഇതരസമുദായങ്ങളുടെ ഒപ്പം എത്തിക്കുന്നതിനും ജീവിതം ബലിയർപ്പിച്ചവരാണ് ഇവർ” എന്ന ആമുഖ വാചകം തന്നെ ഈ പുസ്തകത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
അധ്വാനിക്കുന്നവരുടെ, അടിത്തട്ടിന്റെ, കീഴാളരുടെ ചരിത്രമാണ് അദ്ദേഹം രൂപപ്പെടുത്തിയത്. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണങ്ങൾപോലെതന്നെ പ്രധാനമാണ് മുഖ്യധാരാചരിത്രം (അ)ബോധപൂർവം ഒഴിവാക്കിയ മേഖലകളുമെന്ന് അദ്ദേഹത്തിന് ബോധ്യണ്ടായിരുന്നു. നേരത്തെ പറഞ്ഞതുപോലെ അതിനോടൊക്കെ അസൂയപൂണ്ട് മാറിനിൽക്കുകയായിരുന്നില്ല, ജാഗ്രതാപൂർണമായ അന്വേഷണത്തിലൂടെ ചരിത്രത്തെ ജനാധിപത്യവത്കരിക്കുകയാണ് ചെന്താരശ്ശേരി ചെയ്തത്. “കേരളചരിത്രത്തിന്റെ അവഗണിക്കപ്പെട്ട ഏടുകൾ”, “കേരളചരിത്രത്തിന് ഒരു മുഖവുര” തുടങ്ങിയ എഴുത്തുകൾ നമ്മുടെവ്യവസ്ഥാപിതചരിത്രത്തോട് നിശിതമായ വിയോജിപ്പ് സൂക്ഷിക്കുന്നവയാണ്.
അയ്യൻകാളി, കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി, ഭാരതരത്നം അംബേദ്കർ,
ഡോ. അംബേദ്കർ തത്ത്വചിന്തകൻ, കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ, വിപ്ലവകാരിയായ ആനന്ദതീർത്ഥൻ, അയ്യൻകാളി: അധ:സ്ഥിതരുടെ പടത്തലവൻ,
കേരളചരിത്രവും ഇളംകുളം കുഞ്ഞൻ പിള്ളയും, കേരളചരിത്രത്തിന് ഒരു മുഖവുര,
ഇളംകുളവും കേരളചരിത്രവും, കേരള നവോത്ഥാന നായകന്മാർ, കേരളചരിത്രം സത്യവും മിഥ്യയും, വേരുകൾ തേടി, ചേരനാട്ട് ചരിത്രശകലങ്ങൾ അയ്യൻകാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങൾ,
ആദി ഇന്ത്യരുടെ ചരിത്രം, ചാതുർവർണ്യവും അംബേദ്കറിസവും, കേരളത്തിന്റെ മലർവാടി (വയനാട്), Ayyankali – The First Dalit Leader, Dr. Ambedker on Some aspects of History of India,
History of Indigenous Indian തുടങ്ങി ചരിത്രഗവേഷണം, യാത്രാവിവരണം, ജീവചരിത്രം, ചരിത്രകഥകൾ, തത്ത്വചിന്ത, ചരിത്രം, ലഘുജീവചരിത്രങ്ങൾ, ലേഖനങ്ങൾ എന്നീ മേഖലകളിലായി മലയാളത്തിലും ഇംഗ്ലീഷിലുമായി നാൽപ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. “തലമുറകൾ” എന്ന പേരിൽ ഒരു സാമൂഹ്യ-ചരിത്ര നോവലും അദ്ദേഹത്തിന്റേതായി ഉണ്ട്.
അവർണമുന്നേറ്റങ്ങളുടെ ആയുധപ്പുരയിലെ ശക്തമായ സാന്നിധ്യമായിരുന്നു ടി.എച്ച്.പി. ചെന്താരശ്ശേരിയും അദ്ദേഹത്തിന്റെ ജാഗ്രതാപൂർണമായ എഴുത്തുകളും. ചരിത്രമെഴുത്തിനെ സംബന്ധിച്ച സവർണസങ്കല്പങ്ങളോട് എല്ലാക്കാലത്തും കലഹിച്ച അദ്ദേഹത്തെ പൊതുസമൂഹവും അക്കാദമിക് മേഖലയും എങ്ങനെ പരിഗണിച്ചു എന്നുകൂടി ഈയവസരത്തിൽ ആലോചിക്കേണ്ടതാണ്.
ദളിതന്വേഷണങ്ങളിൽ, ചരിത്രരചനയിൽ വൈജ്ഞാനിക, ജനാധിപത്യ വിപ്ലവത്തിന് തുടക്കമിട്ട ടി.എച്ച്.പി. ചെന്താരശ്ശേരിക്ക് ആദരാഞ്ജലികൾ.