ഇസ്രഈലിന്റെ വ്യോമാക്രമണത്തെ തടഞ്ഞ് സിറിയന്‍ പ്രതിരോധ സംഘങ്ങള്‍
ദമാസ്‌കസ്: തലസ്ഥാന നഗരിയായ ദമാസ്‌കസിന് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തെ ചെറുത്ത് സിറിയന്‍ സൈനിക സംഘങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ദമാസ്‌കസിന് നേരെ ആക്രമണം ഉണ്ടായതെന്ന് പേര് വെളിപ്പെടുത്താത്ത സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് ഔദ്യോഗിക സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി പറഞ്ഞു.
സിറിയയിലെ ഗോലന്‍ എന്ന പ്രദേശത്ത് നിന്ന് ദമാസ്‌കസ് നഗരത്തിന് സമീപമുള്ള ചില പോയിന്റുകള്‍ ലക്ഷ്യമാക്കി ഇസ്രഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ന്യൂസ് ഏജന്‍സി പറഞ്ഞു.
ഇസ്രഈലിന്റെ ഭൂരിഭാഗം മിസൈലുകളും സിറിയന്‍ ആര്‍മിയുടെ വ്യോമ പ്രതിരോധ സംഘങ്ങള്‍ വെടിവെച്ച് വീഴ്ത്തിയതായും ന്യൂസ് ഏജന്‍സി ചൂണ്ടിക്കാട്ടി. അതുമായി ബന്ധപ്പെട്ട ഭൗതിക നഷ്ടങ്ങളാണ് രാജ്യത്തിന് സംഭവിച്ചിട്ടുള്ളതെന്നും പൗരന്മാര്‍ സുരക്ഷിതരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രഈല്‍ സൈന്യം സിറിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിന്റെ ഭാഗമായി കുറച്ചു ദിവസത്തേക്ക് വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു.
കൂടാതെ ലെബനന്‍ അതിര്‍ത്തി പട്ടണമായ ഹൗലയെ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയും അവരുടെ 35 വയസ്സുള്ള മകനും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.