അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നെതര്‍സന്‍ഡ്‌സ് സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട്. 12 ഏകദിനവും 12 അന്താരാഷ്ട്ര ടി-20യും കളിച്ചാണ് എന്‍ഗല്‍ബ്രെക്ട് ക്രിക്കറ്റിനോട് ഒരിക്കല്‍ക്കൂടി വിടപറയുന്നത്.
2024 ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിക്കാതെ നെതര്‍ലന്‍ഡ് പുറത്തായതിന് പിന്നാലെയാണ് എന്‍ഗല്‍ബ്രെക്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ഏകദിന കരിയറില്‍ 12 മത്സരത്തില്‍ നിന്നും 35.00 ശരാശരിയിലും 65.58 സ്‌ട്രൈക്ക് റേറ്റിലും 385 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ച എന്‍ഗെല്‍ബ്രെക്ടിന്റെ ഉയര്‍ന്ന സ്‌കോര്‍ 2023 ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നേടിയ 70 റണ്‍സാണ്.
12 ടി-20യില്‍ നിന്നും 31.11 സ്‌ട്രൈക്ക് റേറ്റിലും 132.70 പ്രഹരശേഷിയിലും 280 റണ്‍സാണ് താരം സ്വന്തമാക്കിയത്. 75 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3067 റണ്‍സ് നേടിയ ഡച്ച് സൂപ്പര്‍ താരം ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 1660 റണ്‍സും ടി-20 ഫോര്‍മാറ്റില്‍ 848 റണ്‍സും നേടിയിട്ടുണ്ട്.
2008 അണ്ടര്‍ 19ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങിയ എന്‍ഗല്‍ബ്രെക്ട് ടീമിനെ ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റിനിടെ താരം കൈപ്പിടിയിലൊതുക്കിയ വണ്ടര്‍ ക്യാച്ച് ഒന്ന് തന്നെ ധാരാളമായിരുന്നു താരത്തിന്റെ പൊട്ടെന്‍ഷ്യല്‍ മനസിലാക്കാന്‍.
പ്രോട്ടിയാസിനെ ഫൈനലിലെത്തിച്ചെങ്കിലും കിരീടം ചൂടിക്കാന്‍ മാത്രം താരത്തിന് സാധിച്ചിരുന്നില്ല. അന്ന് വിരാട് കോഹ്‌ലിക്ക് കീഴിലിറങ്ങിയ ഇന്ത്യയോടായിരുന്നു സൗത്ത് ആഫ്രിക്കക്ക് ഫൈനലില്‍ പരാജയപ്പെടേണ്ടി വന്നത്.
മികച്ച പ്രകടനം കാഴ്‌ചെവച്ചെങ്കിലും താരത്തിന് സൗത്ത് ആഫ്രിക്കന്‍ നാഷണല്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പക്ഷേ സൗത്ത് ആഫ്രിക്കന്‍ ആഭ്യന്തര തലത്തില്‍ എന്‍ഗല്‍ബ്രെക്ട് നിറസാന്നിധ്യമായിരുന്നു.
സി.എസ്.എ 4 ഡേ സീരീസില്‍ സൗത്ത് വെസ്റ്റേണ്‍ ഡിസ്ട്രിക്ടിന് വേണ്ടിയും സി.എസ്.എ ടി-20 സീരിസില്‍ വെസ്റ്റേണ്‍ പ്രൊവിന്‍സിനായും കളിച്ച താരം സി.എസ്.എ ടി-20 ചലഞ്ചില്‍ കേപ് കോബ്രാസിന് വേണ്ടിയും കളത്തിലിയിട്ടുണ്ട്.
2016ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ എന്‍ഗല്‍ബ്രെക്ട് 2017ല്‍ സ്വന്തം ബിസനസ്സും ആരംഭിച്ചിരുന്നു. ശേഷം നെതര്‍ലന്‍ഡ്‌സിലേക്ക് സ്വയം പറിച്ചുനട്ടതോടെ താരം ക്ലബ്ബ് ക്രിക്കറ്റിലും സജീവമായി. ഇതിനിടെ 2019ല്‍ താരം എം.ബി.എയും പൂര്‍ത്തിയാക്കിയിരുന്നു. ശേഷം 2023 ലോകകപ്പില്‍ ഡച്ച് പടയുടെ സ്‌കോറിങ്ങില്‍ നിര്‍ണായകമായ എന്‍ഗല്‍ബ്രെക്ട് ടി-20 ലോകകപ്പില്‍ ബാറ്റിങ്ങിനൊപ്പം ഫീല്‍ഡിങ്ങിലും തിളങ്ങിയിരുന്നു.