Kerala News
അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് എ. ബദറുദ്ദീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 08, 03:16 pm
Saturday, 8th March 2025, 8:46 pm

കൊച്ചി: അഭിഭാഷകയെ അപമാനിച്ചുവെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് ജസ്റ്റിസ് എ. ബദറുദ്ദീന്‍. ചീഫ് ജസ്റ്റിസ് വിളിച്ച ചര്‍ച്ചയിലാണ് അഭിഭാഷകയോട് മാപ്പുപറഞ്ഞത്. ജസ്റ്റിസ് മാപ്പ് പറഞ്ഞതിനാല്‍ ബഹിഷ്‌ക്കരണം തുടരേണ്ടതില്ലെന്ന് അഭിഭാഷക വ്യക്തമാക്കി.

അതേസമയം തങ്ങളെ അറിയിക്കാതെയാണ് ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടന്നതെന്ന് അഭിഭാഷക അസോസിയേഷന്‍ പ്രതികരിച്ചു. തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്ന ആവശ്യമാണ് അസോസിയേഷന്‍ ഉന്നയിച്ചിരുന്നത്. ജഡ്ജി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ തുടര്‍ നടപടികള്‍ തിങ്കളാഴ്ച തീരുമാനിക്കുമെന്നും അഭിഭാഷക അസോസിയേഷന്‍ പറഞ്ഞു.

അഭിഭാഷകയെ അപമാനിക്കുന്ന രീതിയില്‍ ജഡ്ജി സംസാരിച്ചുവെന്ന പരാതിക്ക് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ പ്രസിഡന്റിനെ നേരത്തെ ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിളിച്ചുവരുത്തിയിരുന്നു.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും മറ്റു നടപടികള്‍ക്കുമായി വനിതാ അഭിഭാഷക കോടതിയില്‍ സമയം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ആവശ്യം ജഡ്ജി എ. ബദറുദ്ദീന്‍ തള്ളുകയായിരുന്നുവെന്നും തുടര്‍ന്ന് കേസ് വാദിക്കാന്‍ ജഡ്ജി വനിതാ അഭിഭാഷകയെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരാണ് നിങ്ങളുടെ ഭര്‍ത്താവ് എന്ന രീതിയില്‍ അഭിഭാഷകയോട് ജഡ്ജി ചോദ്യങ്ങള്‍ ഉന്നയിച്ചെന്നും പിന്നാലെ കോടതിക്കുള്ളില്‍ വെച്ച് അഭിഭാഷക കരഞ്ഞതായും സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് 50 അഭിഭാഷകര്‍ ഒപ്പിട്ട കത്ത് അസോസിയേഷന്‍ ജഡ്ജിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് വനിതാ അഭിഭാഷകയെ ജഡ്ജി അദ്ദേഹത്തിന്റെ ചേമ്പറിലേക്ക് പലതവണ വിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹൈക്കോടതിയിലെ തുറന്ന കോടതിയിലാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്. അതിനാല്‍ തുറന്ന കോടതിയില്‍ വെച്ച് തന്നെ ജഡ്ജി മാപ്പ് പറയണമെന്നാണ് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നത്.

Content Highlight: Justice A. Badaruddin expresses regret over complaint of insulting lawyer