മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കേരളമൊട്ടാകെ തരംഗമായി മാറി. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ദൃശ്യം ചൈനീസ് ഉള്‍പ്പെടെ ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ തരംഗമായി മാറിയിരുന്നു.
ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധായകനായെത്തിയത് ജീത്തു ജോസഫ് തന്നെയായിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്ത് അനശ്വരമാക്കിയ വേഷം തമിഴില്‍ കമല്‍ ഹാസനായിരുന്നു അവതരിപ്പിച്ചത്. പാപനാസം എന്ന പേരിലെത്തിയ തമിഴ് റീമേക്ക് വലിയ വിജയമായി മാറി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ ധനഞ്ജയന്‍.
ദൃശ്യം മലയാളം വേര്‍ഷന്‍ കണ്ടപ്പോള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ആ സിനിമ തമിഴില്‍ രജിനികാന്ത് ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചെന്നും ധനഞ്ജയന്‍ പറഞ്ഞു. പാപനാസത്തിന്റെ നിര്‍മാതാവായ സുരേഷ് ബാലാജി തന്റെ സുഹൃത്താണെന്നും ഇക്കാര്യം താന്‍ അയാളോട് പറഞ്ഞെന്നും ധനഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രജിനികാന്തിന് അത് ചെയ്യാന്‍ താത്പര്യമില്ലായിരുന്നെന്ന് താന്‍ അറിഞ്ഞെന്നും ധനഞ്ജയന്‍ പറഞ്ഞു. തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടുന്നത് കണ്ടാല്‍ ആരാധകര്‍ സഹിക്കില്ലെന്നായിരുന്നു രജിനികാന്തിന്റെ മറുപടിയെന്നും ധനഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമ ചെയ്യാന്‍ കമല്‍ ഹാസനെ നിര്‍ബന്ധിച്ചത് രജിനികാന്തായിരുന്നെന്നും അദ്ദേഹത്തിന് വേണ്ടിയുണ്ടായ കഥാപാത്രമാണ് അതെന്നും രജിനി അഭിപ്രായപ്പെട്ടെന്നും ധനഞ്ജയന്‍ പറയുന്നു. തന്റെ ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്ന ഒറ്റക്കാരണം കൊണ്ടാണ് രജിനി പാപനാസം ഒഴിവാക്കിയതെന്നും ധനഞ്ജയന്‍ പറഞ്ഞു. വൗ തമിഴാ ചാനലിനോട് സംസാരിക്കുകയായിരുന്നു ധനഞ്ജയന്‍.
‘ദൃശ്യം ഒറിജിനല്‍ വേര്‍ഷന്‍ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. ആ പടം തമിഴില്‍ രജിനി സാര്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. പാപനസത്തിന്റെ പ്രൊഡ്യൂസര്‍ സുരേഷ് ബാലാജി എന്റെ സുഹൃത്താണ്. രജിനി സാറിനെ നിര്‍ബന്ധിക്കാന്‍ ഞാന്‍ സുരേഷിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രജിനി സാറിന് ആ പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് മറുപടി കിട്ടി.
ആ പടത്തില്‍ ഒരു സാധാരണ പൊലീസുകാരന്‍ നായകനെ ചവിട്ടുന്ന സീനുണ്ട്. അത് രജിനി സാറിന്റെ ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞു. പകരം കമല്‍ സാറിനോട് ചെയ്യാന്‍ ആവശ്യപ്പെട്ടത് രജിനി സാറായിരുന്നു. കമല്‍ സാറിന് വേണ്ടി എഴുതിയ കഥാപാത്രമാണെന്നായിരുന്നു രജിനി സാര്‍ പറഞ്ഞത്. ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്ന കാരണത്താല്‍ അദ്ദേഹം ഒഴിവാക്കിയ സിനിമയാണ് പാപനാസം,’ ധനഞ്ജയന്‍ പറഞ്ഞു.
Content Highlight: Producer Dhananjayan saying Rajnikanth rejected Drishyam Tamil remake