ന്യൂദൽഹി: കൊവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വിപ്റോ സ്ഥാപക ചെയർമാനായ അസിം പ്രേംജി. ദ എക്കണോമിക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിലെ അതൃപ്തി അദ്ദേഹം പങ്കുവെച്ചത്.
കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിക്കുക രാജ്യത്തെ ദുർബല വിഭാഗങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ. ഒരു ദശാബ്ദമായി തൊഴിൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. അതേ സമയം സാമൂഹിക സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും കൊടുത്തിട്ടുമില്ല. നേരത്തെ തന്നെ ദുർബലമായ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകില്ല. അത് ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ അവസ്ഥ കൂടുതൽ ദയനീയമാക്കുകയേ ഉള്ളൂ.
കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്ത അദ്ദേഹം അടുത്ത രണ്ട് വർഷങ്ങളിൽ രാജ്യം സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ചും ലേഖനത്തിൽപ്പറയുന്നു.
രാജ്യത്തെ എല്ലാ ദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കും മാസത്തിൽ 25 ദിവസത്തെ വരുമാനം എങ്കിലും ഉറപ്പ് വരുത്താൻ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക