ലളിത് മോദി വിവാദം: സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചിരുന്നു; തടഞ്ഞത് ആര്‍.എസ്.എസ്
Daily News
ലളിത് മോദി വിവാദം: സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചിരുന്നു; തടഞ്ഞത് ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2015, 11:15 am

sushama
ന്യൂദല്‍ഹി: ലളിത് മോദി വിവാദം പുറത്ത് വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍.എസ്.എസ് ഇടപെടല്‍ കാരണം രാജി തീരുമാനം പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകള്‍.

ലളിത് മോദി വിവാദം പുറത്ത് കൊണ്ട് വന്ന ടൈംസ് നൗ ചാനല്‍ വാര്‍ത്ത പുറത്ത് വിടുന്നതിന് ഒരാഴ്ച മുമ്പ് വിഷയത്തില്‍ സുഷമയുടെ പ്രതികരണം ആരാഞ്ഞ് ചോദ്യാവലി അയച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് സുഷമ രാജിക്കാര്യം അറിയിച്ച്  പ്രധാനമന്ത്രിയെ സമീപിച്ചത്.

ഇതിന് ശേഷം മോദിയും മുതിര്‍ന്ന ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളും ചേര്‍ന്ന യോഗത്തിലാണ്  സുഷമയുടെ രാജി അംഗീകരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്‌.

യോഗത്തില്‍ സുഷമയെ സംരക്ഷിക്കുന്നതിനായി തീരുമാനം എടുക്കുകയും ചെയ്തതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാദം പുറത്തു വന്നതിന് ശേഷം അമിത് ഷാ, രാജ്‌നാഥ് സിംഗ്, ആര്‍.എസ്.എസ് നേതാവായ ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ സുഷമയെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.

ഞായറാഴ്ചയാണ് ടൈംസ് നൗ ചാനല്‍ ലളിത് മോദിയെ സുഷമ സ്വരാജ് വഴി വിട്ട് സഹായിച്ചെന്ന വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്. നേരത്തെ ഒരു ബ്രിട്ടീഷ് ദിനപത്രമാണ് വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.